case-diary-

കൊല്ലം: പ്രസവത്തെ തുടർന്ന് ചാന്ദന മരിച്ച സംഭവം വിദഗ്ദ്ധസംഘം അന്വേഷിക്കും. ആരോഗ്യവകുപ്പ് ഡയറക്ടർ നിയോഗിക്കുന്ന ഡോക്ടർമാരുടെ സംഘമാവും ചികിത്സാപിഴവ് അടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കുക. പ്രതിഷേധം ശക്തമായതിനെ തുടർന്ന് ഇന്നലെ വൈകിട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയൽ, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവരുടെ നേതൃത്വത്തിൽ വിക്ടോറിയ ആശുപത്രിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്.

ഇന്ന് ഉച്ചയ്ക്ക് 2ന് മുൻപ് റിപ്പോർട്ട് ആരോഗ്യവകുപ്പ് ഡയറക്ടർക്കും ജില്ലാ പഞ്ചായത്തിനും നൽകണമെന്നാണ് നിർദ്ദേശം.

ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതർ യോഗത്തിൽ വ്യക്തമാക്കി. ഡ്യൂട്ടി ഡോക്ടറുടെ സാന്നിദ്ധ്യത്തിലായിരുന്നു ചികിത്സയെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ചാന്ദനയുടെ പിതാവും തൃക്കോവിൽവട്ടം പഞ്ചായത്ത് അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. അമ്മ മരണമടഞ്ഞ സാഹചര്യത്തിൽ കുഞ്ഞിനെ ന്യൂബോൺ ഐ.സി.യുവിൽ

പരിചരിക്കുന്നതിനു പകരം മണിക്കൂറുകൾക്കുള്ളിൽ ബന്ധുക്കൾക്ക് കൈമാറിയത് ഗുരുതര വീഴ്ചയാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയൽ യോഗത്തിൽ പറഞ്ഞു.