കൊല്ലം: സഹകരണ അർബൻ ബാങ്കിന് 2021 ലെ ഫ്രോണ്ടിയേഴ്സ് കോ- ഓപ്പറേറ്റീവ് ബാങ്ക് അവാർഡ്. മികച്ച ഡിജിറ്റൽ ബാങ്ക്, സൈബർ സെക്യൂരിറ്റി സംവിധാനങ്ങൾ, ഇതിനായി ഒരുക്കിയ ഭൗതിക സാഹചര്യങ്ങൾ എന്നിങ്ങനെ മൂന്ന് അവാർഡുകൾ ഒരുമിച്ച് ലഭിച്ചു എന്ന പ്രത്യേകതയുമുണ്ട്. ബാങ്ക് ഒരുക്കിയ സൈബർ സെക്യൂരിറ്റി സംവിധാനങ്ങൾക്ക് ഇത് രണ്ടാം തവണയാണ് അവാർഡ് ലഭിക്കുന്നതെന്ന് ബാങ്ക് പ്രസിഡന്റ് സി.വി. പത്മരാജൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
ബാങ്ക് കേന്ദ്ര ഓഫീസ്, ബ്രാഞ്ചുകൾ എന്നിവടങ്ങളിലെ കത്തിടപാടുകൾ, എ.ടി.എം പരാതികൾ, സി.ടി.എസ് ചെക്കുകൾ തുടങ്ങിയവ പൂർണ്ണമായി ഡിജിറ്റൽ സംവിധാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. വർദ്ധിച്ചു വരുന്ന ഡിജിറ്റൽ തട്ടിപ്പുകൾ തടയുകയാണ് ലക്ഷ്യം. ബാങ്ക് ജീവനക്കാർക്കും ഇടപാടുകാർക്കും പരിശീലനം നൽകി. സാമൂഹിക മാദ്ധ്യമങ്ങളിലൂടെയും വെബ് സൈറ്റിലൂടെയും ആവശ്യമായ ബോധവത്കരണവും നടത്തി. ഡിജിറ്റൽ സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ബാങ്കിന്റെ സെർവർ ശേഷിയും സൈബർ സുരക്ഷയും വർദ്ധിപ്പിച്ചു.
പ്രാഥമിക സഹകരണ സംഘങ്ങൾക്ക് പുറത്തു നിന്ന് നിക്ഷേപം സ്വീകരിക്കാനുള്ള തടസം മറികടക്കാൻ റിസർവ് ബാങ്കിന്റെ ലൈസൻസ് ലഭ്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണം. ആർ.ബി.ഐ വ്യവസ്ഥകൾ സംഘങ്ങൾ പാലിക്കണം. ഇതില്ലാതെ സംഘങ്ങൾക്ക് ബാങ്കായി പ്രവർത്തിക്കാനും നിക്ഷേപങ്ങൾ സ്വീകരിക്കാനും കഴിയില്ല. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ ഇടപെടണമെന്നും അദേഹം പറഞ്ഞു. വൈസ് പ്രസിഡന്റ് കെ.ബേബിസൺ, സി.ഇ.ഒ ആർ. ശ്രീകുമാർ, ഡയറക്ടർ ബോർഡ് അംഗങ്ങളായ അഡ്വ. ശുഭദേവൻ, രവീന്ദ്രൻ, ഹേമചന്ദ്രൻ, ശാന്താ സുന്ദരേശൻ, ശാന്തകുമാരി, ഗംഗാധരൻപിളള, രാജ്മോഹൻ, താഹകോയ, ശോഭന പ്രബുദ്ധൻ, ദ്വാരക മോഹൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.