കൊട്ടാരക്കര: കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗിന്റെ നേതൃത്വത്തിലുള്ള അമർ ജവാൻ സ്മൃതിയാത്രയ്ക്ക് 21ന് കൊട്ടാരക്കരയിൽ സ്വീകരണം നൽകുമെന്ന് താലൂക്ക് കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇൻഡ‌ോ - പാക് യുദ്ധത്തിന് 50 വർഷം തികയുന്നതിന്റെ ഭാഗമായി യുദ്ധത്തിൽ വീരമൃത്യുവരിച്ച ജവാൻമാർക്ക് അഭിവാദ്യം അർപ്പിച്ചുകൊണ്ടാണ് സ്മൃതിയാത്ര സംഘടിപ്പിക്കുന്നത്. കാസർകോഡ് നിന്ന് ഈ മാസം 12ന് ആരംഭിച്ച ജാഥ വിവിധ ജില്ലകളിലെ സ്വീകരണമേറ്റുവാങ്ങിയാണ് കൊട്ടാരക്കരയിലെത്തുന്നത്. 21ന് ഉച്ചയ്ക്ക് 12ന് കൊട്ടാരക്കര ചന്തമുക്ക് മുൻസിപ്പൽ ഗ്രൗണ്ടിൽ ചേരുന്ന സ്വീകരണ സമ്മേളനം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർമാൻ എ. ഷാജു, റൂറൽ എസ്.പി കെ.ബി. രവി, നഗരസഭാ കൗൺസിലർമാർ എന്നിവർ പങ്കെടുക്കും. ഉച്ചയ്ക്ക് ശേഷം 2.30ന് പൂവറ്റൂരിലെ അമർജവാൻ സ്മൃതി മണ്ഡപത്തിന് മുന്നിലും സ്വീകരണം നൽകും. സ്വീകരണ സമ്മേളനം കുളക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ടി. ഇന്ദുകുമാർ ഉദ്ഘാടനം ചെയ്യും. അലങ്കരിച്ച പ്രത്യേക വാഹനത്തിലാണ് ജാഥാ ക്യാപ്ടൻമാരെത്തുന്നത്. വാർത്താസമ്മേളനത്തിൽ താലൂക്ക് കമ്മിറ്റി പ്രസിഡന്റ് കെ. തുളസീധരൻ പിള്ള, സെക്രട്ടറി ബി. അനിൽകുമാർ, സത്യശീലൻ, എ. വിജയചന്ദ്രൻ നായർ എന്നിവർ പങ്കെടുത്തു.