phot
വിനോദ സഞ്ചാരികൾക്ക് തുറന്ന് നൽകിയ പുനലൂർ തൂക്ക് പാലത്തിൽ ടൂറിസ്റ്റുകൾ വിശ്രമിക്കുന്ന ബഞ്ചിൽ കയർ കെട്ടി വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നു

ഇരിപ്പിടമില്ലാതെ വലഞ്ഞ് വിനോദസഞ്ചാരികൾ

പുനലൂർ: കൊവിഡ് ഇളവുകളെ തുടർന്ന് രണ്ടുമാസം മുമ്പ് വിനോദ സഞ്ചാരികൾക്കായി തുറന്നുനൽകിയ പുനലൂർ തൂക്കുപാലം സന്ദർശിക്കാനെത്തുന്നവർക്ക് പാലത്തിൽ ഇരുന്ന് വിശ്രമിക്കാൻ സൗകര്യമില്ല. ഇവിടെയെത്തുന്നവർക്ക് വിശ്രമിക്കാൻ തൂക്ക് പാലത്തിന്റെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിൽ ചാരിയിരിക്കാനാകുന്ന ബഞ്ചുകൾ സജ്ജമാക്കിയിട്ടുണ്ടെങ്കിലും ഇരിക്കാൻ അനുമതിയില്ലെന്നാണ് പറയുന്നത്. തൂക്കുപാലം സന്ദർശിക്കാനെത്തുന്നവർ ബെഞ്ചിലിരിക്കാതിരിക്കാൻ കയർ വലിച്ച് കെട്ടിയിരിക്കുകയാണ്. ഇത് ഒഴിവാക്കി സഞ്ചാരികൾക്ക് വേണ്ടി സ്ഥാപിച്ച ബെഞ്ചുകളിൽ ഇരുന്ന് വിശ്രമിക്കാനുളള അനുമതി നൽകണമെന്നാണ് ടൂറിസ്റ്റുകളുടെ പ്രധാന ആവശ്യം.

കൊവിഡ് വ്യാപനം കുറഞ്ഞതോടെ എല്ലാമേഖലകളിലും കൂടുതൽ ഇളവുകൾ നൽകിയെങ്കിലും തൂക്കുപാലത്തിൽ ഇപ്പാഴും കർശന നിയന്ത്രണങ്ങളാണ് തുരുന്നത്. സമീപത്തെ തെന്മല ഇക്കോ ടൂറിസം മേഖല, ആര്യങ്കാവ് പാലരുവി വെള്ളച്ചാട്ടം തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഇളവുകൾ അനുവദിച്ചിട്ടുണ്ട്. എന്നാൽ തൂക്കുപാലത്തിൽ കയറുന്നവർക്ക് ഉപരിതലത്തിലെ ബെഞ്ചിലിരുന്ന് വിശ്രമിക്കാനുള്ള അനുമതി പോലും നൽകാത്തതാണ് പ്രതിഷേധത്തിന് കാരണം.

നിർമ്മിച്ചത് 1877ൽ

1877ൽ ബ്രിട്ടീഷുകാരുടെ ഭരണകാലത്താണ് പുനലൂർവഴി കടന്ന് പോകുന്ന കല്ലടയാറിന് മദ്ധ്യേ തൂക്കുപാലം പണികഴിപ്പിച്ചത്. കേരളത്തിലെ സുഗന്ധദ്രവ്യങ്ങളും മറ്റും കടത്തിക്കൊണ്ടുപോകാനായിരുന്നു തൂക്ക് പാലം പണികഴിപ്പച്ചതെന്നാണ് പഴമക്കാർ പറയുന്നത്. രണ്ട് കൂറ്റൻ ചങ്ങലകളിലായി കരിങ്കൽ ആർച്ചുകളിലാണ് പാലം തൂക്കിയിട്ടിരിക്കുന്നത്. ആറ്റിന്റെ രണ്ട് കരകളിലുംസ്ഥിതി ചെയ്യുന്ന നാല് കിണറുകൾക്കുള്ളിലാണ് ചങ്ങലകൾ ബന്ധിപ്പിച്ചിരിക്കുന്നത്.

സഞ്ചാരികളുടെ വിശ്രമം ഉപരിതലത്തിലെ പലകകളിൽ

തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ തുടങ്ങിയ ജില്ലകളിൽ നിന്നും തമിഴ്നാട്ടിൽ നിന്നും കിഴക്കൻ മലയോര മേഖലകളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാനെത്തുന്ന ടൂറിസ്റ്റുകൾ കല്ലടയാറിന് മദ്ധ്യേ സ്ഥിതിചെയ്യുന്ന പുനലൂരിലെ തൂക്ക് പാലത്തിൽ കയറിയ ശേഷമാകും യാത്ര പുറപ്പെടുക. എന്നാൽ ബ്രിട്ടീഷുകാർ പണി കഴിപ്പിച്ച പാലത്തിൻെറ ദൃശ്യഭംഗി ആസ്വദിക്കാൻ കുടുംബമായെത്തുന്നവർക്കും മറ്റും പാലത്തിന്റെ ഉപരിതലത്തിൽ സ്ഥാപിച്ചിട്ടുളള തടി ബഞ്ചുകളിൽ ഇരുന്ന് വിശ്രമിക്കാനുള്ള അനുമതി അധികൃതർ നിക്ഷേധിച്ചിരിക്കുകയാണ്. ഇത് കാരണം പാലത്തിലൂടെ നടന്ന് തളരുന്നവർ ഉപരിതലത്തിലെ പലകകളിൽ ഇരുന്നാണ് വിശ്രമിക്കുന്നത്.

കടാവം തുറന്ന് നൽകണം

തെന്മല പരപ്പാർ അണക്കെട്ടിൽ ഉല്ലാസ ബോട്ട് യാത്ര, കുട്ട വഞ്ചി സവാരിയടക്കമുള്ളവ രണ്ട് മാസം മുമ്പേ ആരംഭിച്ചിട്ടുണ്ട്. തൂക്കുപാലത്തിന്റെ പടിഞ്ഞാറ് ഭാഗത്തെ കവാടം തുറന്ന് നൽകാത്തതാണ് ടൂറിസ്റ്റുകളെ ഏറെ ബുദ്ധിമുട്ടിക്കുന്ന മറ്രൊരു പ്രശ്നം. കിഴക്ക് ഭാഗത്തെ പ്രധാന കവാടം മാത്രമാണ് രണ്ട് മാസം മുമ്പ് തുറന്ന് നൽകിയത്. സാധാരണനിലയിൽ കിഴക്ക് ഭാഗത്തെ കവാടത്തിൻ നിന്ന് തൂക്ക് പാലത്തിൽ കയറുന്നവർ കല്ലടയാറും തൂക്ക് പാലത്തിന്റെ തനിമയും അസ്വദിച്ച ശേഷം പടിഞ്ഞാറേ കവാടം വഴി പുറത്തേക്ക് പോകുകയാണ് പതിവ്. രണ്ട് മാസമായി പാലത്തിന്റെ പടിഞ്ഞാറ് ഭാഗത്തെ കവാടം തുറന്ന് നൽകിയിട്ടില്ല.