t

കൊല്ലം: കൊല്ലം തുറമുഖത്ത് ഗേറ്റ്‌ ഹൗസ്‌ സമുച്ചയത്തിന്റെ ഭാഗമായി എമിഗ്രേഷൻ കൗണ്ടർ ഒരുക്കുന്ന ജോലികൾ അവസാന ഘട്ടത്തിൽ. അടുത്ത വർഷം ആദ്യം പൂർത്തിയാകും. പക്ഷേ സ്ഥിരമായ എമിഗ്രേഷൻ പോയിന്റെന്ന സ്വപ്നം നീളുകയാണ്. തുറമുഖ ലോബികൾക്ക് വഴങ്ങി അധികൃതർ ഒളിച്ചുകളിക്കുകയാണെന്ന സംശയവും ബലപ്പെടുന്നു.

കേന്ദ്ര നിർദേശപ്രകാരം പോർട്ട് മെക്കാനിക്കൽ എൻജിനീയറിംഗ് വർക്ക് ഷോപ്പിന് മുകളിലായി ഒരു കൗണ്ടർ നേരത്തെ ഒരുക്കിയെങ്കിലും സ്വീകാര്യമായില്ല. ആറു കൗണ്ടർ വേണമെന്ന് കേന്ദ്രം ശഠിച്ചു. ഈ നിർദേശം അംഗീകരിച്ചു കൊണ്ടാണ് പുതിയ ഗേറ്റ് സമുച്ചയം ഒരുക്കുന്നത്. ഉദ്യോഗസ്ഥർക്കുള്ള ഓഫീസ്, ആവശ്യങ്ങളുമായി വരുന്നവർക്കുളള വെയിറ്റിംഗ് റൂം , കൗണ്ടറുകൾ എന്നിവ ഉണ്ടാവും. രണ്ടു നിലകളിലായി പൂർത്തിയായ കെട്ടിടത്തിൽ ഇന്റീരിയർ ജോലികളേ തീരാനുള്ളൂ. ഇതിനോടു ചേർന്ന് പ്രവേശന കവാടത്തിൽ സെക്യൂരിറ്റി റൂമും പ്രധാന ഗേറ്റും സ്ഥാപിക്കും.

എൻ.കെ. പ്രേമചന്ദ്രൻ എം.പി നൽകിയ നിവേദനത്തെത്തുടർന്ന്, എമിഗ്രേഷൻ സൗകര്യം എത്രയും വേഗം ഒരുക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ട് മാസം ആറു കഴിഞ്ഞു. കൗണ്ടറുകളും മറ്റ് സൗകര്യങ്ങളും ഇല്ലെന്ന കാരണമാണ് കൊല്ലം പോർട്ടിൽ എമിഗ്രേഷൻ ഒരുക്കുന്നതിന് തടസമായി പറഞ്ഞിരുന്നത്. കൊല്ലം തുറമുഖം അവഗണന നേരിട്ടു തുടങ്ങിയിട്ട് വർഷങ്ങളായി. ചരക്കു നീക്കത്തിനും ക്രൂ ചെയ്ഞ്ചിംഗിനും അറ്റകുറ്റപ്പണികൾക്കും വലിയ സാദ്ധ്യതകൾ കൊല്ലം തുറമുഖത്തുണ്ട്. സംസ്ഥാനത്തെ മറ്റ് തുറമുഖങ്ങളിൽ നിന്ന് വ്യത്യസ്തമായി അന്താരാഷ്ട കപ്പൽ ചാലിനോട് ചേർന്നു കിടക്കുന്ന തുറമുഖമെന്ന നിലയിൽ കപ്പലുകൾക്ക് വേഗം അടുക്കാനും മടങ്ങാനും കഴിയും.

 എല്ലായിടത്തും തടസം

എമിഗ്രേഷൻ സൗകര്യം ഇല്ലാത്തതാണ് വിനയായത്. ഇതിലൂടെ വരുമാന നഷ്ടവും തൊഴിൽ നഷ്ടവും ഉണ്ടായെങ്കിലും നടപടിയെടുക്കേണ്ടവർ മൗനം പാലിച്ചു. കാര്യമായ സൗകര്യങ്ങൾ ഇല്ലാത്ത ബേപ്പൂർ തുറമുഖം ചെക്ക്‌ പോയിന്റായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിട്ട്‌ വർഷങ്ങളായി. കൊല്ലത്തിന്‌ ഈ അംഗീകാരം നൽകാത്തത്‌ മനപൂർവമാണെന്ന ആക്ഷേപമുണ്ട്. എമിഗ്രേഷൻ നൽകാൻ തിരുവനന്തപുരം എഫ്‌.ആർ.ആർ.ഒ ചുമതലപ്പെടുത്തിയിരിക്കുന്നത്‌ കൊല്ലം സിറ്റി പൊലീസ്‌ കമ്മിഷണറെയാണ്‌.

...............................................

 ഗേറ്റ് ഹൗസ് നിർമ്മാണചെലവ് 1.52 കോടി

 നിർമ്മാണം: ഹാർബർ എൻജിനീയറിംഗ് വിഭാഗം