kettidam
പ്രവർത്തനം അവസാനിപ്പിച്ച കാർഷിക വിപണന കേന്ദ്രം കെട്ടിടം

പച്ചക്കറി വില കുത്തനെ ഉയരുന്നു

ഒാച്ചിറ: പച്ചക്കറിവില ദിനംപ്രതി കുതിച്ചുയരുന്ന സാഹചര്യത്തിൽ, നിറുത്തലാക്കിയ ഹോർട്ടി കോർപ്പ് പച്ചക്കറി സ്റ്റാൾ പുനരാരംഭിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്ത്. മാസങ്ങൾക്ക് മുമ്പാണ് നിസാര കാരണങ്ങൾ പറഞ്ഞ് അധികൃതർ ഓച്ചിറയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ഹോട്ടികോർപ്പ് ഹരിത പച്ചക്കറി സ്റ്റാൾ നിറുത്തലാക്കിയത്. 9 വർഷം മുമ്പാണ് ഹോർട്ടി കോർപ്പിന്റെ നേതൃത്വത്തിൽ ഇവിടെ പച്ചക്കറി സ്റ്റാൾ തുടങ്ങി സഹായനിരക്കിൽ ജനങ്ങൾക്ക് പച്ചക്കറി ലഭ്യമാക്കിയത്. ജനങ്ങൾക്ക് ആശ്വാസമാകേണ്ട സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനം നിറുത്തിയതിനാൽ വലിയ വില കൊടുത്ത് സാധനങ്ങൾ വാങ്ങേണ്ട ഗതികേടിലാണ് നാട്ടുകാർ.

പ്രശ്നം വാടകയെന്ന് അധികൃതർ

ഓണാട്ടുകരയുടെ ഹൃദയഭാഗമായ ഓച്ചിറയിൽ സ്ഥാപിച്ച സ്റ്റാൾ നിറുത്തലാക്കാനുള്ള മുഖ്യകാരണം കെട്ടിടഉടമ വാടക കുത്തനെ ഉയർത്തിയതാണെന്ന് ഹോർട്ടി കോർപ്പ് അധികൃതർ പറയുന്നു. സാധാരണ ദിവസങ്ങളിൽ ഇവിടെ എണ്ണായിരം രൂപയുടെ വരെ കച്ചവടം നടന്നിരുന്നു. പച്ചക്കറി സ്റ്റാൾ നിറുത്തലാക്കിയത് കർഷകരെയും ഏറെ വലച്ചിരിക്കുകയാണ്. നാളികേരം, പച്ചക്കറികൾ, പഴവർഗങ്ങൾ എന്നിവ നേരിട്ട് കർഷകരിൽ നിന്ന് ശേഖരിച്ച് അവർക്ക് അർഹമായ വില നൽകിയിരുന്നു. കാർഷിക വിളകൾ എടുക്കാനാളില്ലാത്തതിനാൽ കർഷകർ കൃഷിയിൽ നിന്ന് പിന്തിരിയുന്ന അവസ്ഥയിലാണ്. ഓച്ചിറയിലെ വൻകിട സ്ഥാപനങ്ങളെ സഹായിക്കാനാണ് സ്റ്റാൾ നിറുത്തിയതെന്നാണ് ജനങ്ങളുടെ ആരോപണം.

പരിഹാരം കാർഷിക വിപണന കേന്ദ്രം ഏറ്റെടുക്കൽ

പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഓച്ചിറ മാർക്കറ്റിലുണ്ടായിരുന്ന കാർഷിക വിപണന കേന്ദ്രം പ്രവർത്തനം അവസാനിപ്പിച്ച നിലയിലാണ്. ഈ കെട്ടിടം ഇപ്പോൾ ഉപയോഗിക്കാതെ അടച്ചിട്ടിരിക്കുകയാണ്. കെട്ടിടം ഹോർട്ടി കോർപ്പ് പച്ചക്കറി സ്റ്റാളിന് വിട്ടുനൽകണമെന്നാണ് കർഷകരുടെ ആവശ്യം.

കാർഷിക ഗ്രാമമായ ഓച്ചിറയിലെയും പരിസര പ്രദേശങ്ങളിലെയും കർഷകർ ഉത്പാദിപ്പിക്കുന്ന പച്ചക്കറിയും പഴവർഗങ്ങളും വിറ്റഴിക്കാൻ ഏറെ പ്രയാസപ്പെടുകയാണ്. പ്രവർത്തനം അവസാനിപ്പിച്ച കാർഷിക വിപണന കേന്ദ്രത്തിന്റെ കെട്ടിടം ഹോർട്ടി കോർപ്പ് പച്ചക്കറി സ്റ്റാൾ ആരംഭിക്കാൻ വിട്ടുനൽകിയാൽ കർഷകർക്ക് ഗുണകരമാവും.

ഷെജി, ഷാജി സ്റ്റേഷനറി, ഓച്ചിറ

കർഷകർക്കും പൊതുജനങ്ങൾക്കും ഉപകാരപ്രദമായിരുന്ന ഹോർട്ടി കോർപ്പ് പച്ചക്കറി സ്റ്റാൾ പുനരാരംഭിക്കാനുള്ള നടപടി അടിയന്തരമായി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ്, സി.ആർ. മഹേഷ് എം.എൽ. എ എന്നിവർക്ക് നിവേദനം നൽകിയിട്ടുണ്ട്.

മാളു സതീഷ്, ഗ്രാമ പഞ്ചായത്ത്‌ അംഗം, ഓച്ചിറ