p


കൊല്ലം: വിക്ടോറിയ ആശുത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ അമിത രക്തസ്രാവമുണ്ടായി യുവതി മരിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണസംഘം ആരോഗ്യവകുപ്പ് ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു. മുഖത്തല തട്ടാർകോണം തൊടിയിൽ വീട്ടിൽ ചാന്ദന (27) വെള്ളിയാഴ്ചയാണ് മരിച്ചത്.
കൊട്ടാരക്കര, ശാസ്താംകോട്ട താലൂക്ക് ആശുത്രികളിലെയും പാരിപ്പള്ളി മെഡിക്കൽ കോളേജിലെയും ഡോക്ടർമാരടങ്ങിയ സംഘം ഇന്നലെ വിക്ടോറിയ ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിച്ച് റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. ചാന്ദനയ്ക്ക് കൃത്യമായ ചികിത്സ നൽകിയിട്ടുണ്ടെന്നും ചികിത്സപ്പിഴവൊന്നും ഉണ്ടായിട്ടില്ലെന്നും സൂപ്രണ്ട് ഡോ. കൃഷ്ണവേണി സംഘത്തെ അറിയിച്ചു. ചാന്ദനയുടെ കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. വിവരങ്ങൾ ബന്ധുക്കളെ അറിയിച്ചിരുന്നെന്നും അവർ പറഞ്ഞു. അതേസമയം സംസ്കാരചടങ്ങുകൾ നടക്കുകയായിരുന്നതിനാൽ ബന്ധുക്കൾ മൊഴി നൽകാൻ എത്തിയില്ല. റിപ്പോർട്ട് സമർപ്പിക്കും മുൻപ് ബന്ധുക്കളുടെ മൊഴി കൂടി കേൾക്കേണ്ടിയിരുന്നുവെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേൽ പറഞ്ഞു.
ചാന്ദനയുടെ മൃതദേഹം ഭർത്തൃഗൃഹമായ ഓച്ചിറ പടിഞ്ഞാറേമണ്ണിൽ വീട്ടിൽ സംസ്കരിച്ചു. പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുത്രിയിൽ പോസ്റ്റ് മോർട്ടത്തിനുശേഷം ഇന്നലെ വൈകിട്ട് അഞ്ചോടെ മുഖത്തലയിലെ വീട്ടലെത്തിക്കുകയും തുടർന്ന് ഓച്ചിറയിലേക്ക് കൊണ്ടു പോവുകയുമായിരുന്നു. വിദേശത്തായിരുന്ന ഭർത്താവ് വിനോദ് വെള്ളിയാഴ്ച രാത്രി നാട്ടിലെത്തിയിരുന്നു.