police-

കൊല്ലം: വില്പനയ്ക്കായി കാറിൽ ഒളിപ്പിച്ചിരുന്ന 200 ഗ്രാം കഞ്ചാവ്, പൊലീസ് നായ 'ഹണ്ടർ' മണം പിടിച്ചു കണ്ടെത്തി. വാഹനത്തിന്റെ ഉടമ ഇരവിപുരം വാളത്തുംഗൽ ലിയോ നഗർ കാരാളി തൊടിയിൽ ഇസ്മയിൽ (50) പിടിയിലായി. തമിഴ്‌നാട്ടിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് കഞ്ചാവ് എത്തിച്ച് ചെറു പൊതികളിലാക്കി വിദ്യാർത്ഥികൾക്ക് വിൽക്കുന്നതാണ് ഇയാളുടെ രീതി​. വാഹനങ്ങളിലും മ​റ്റും ലഹരി പദാർത്ഥങ്ങൾ കടത്തുന്നത് തടയാൻ ഓപ്പറേഷൻ കാവൽ പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച സ്‌പെഷ്യൽ ആക്ഷൻ ഗ്രൂപ്പും കൊല്ലം സി​റ്റി കെ- 9 സ്ക്വാഡിലെ സ്‌നിഫർ ഡോഗായ ഹണ്ടറും ഇരവിപുരം പൊലീസും സംയുക്തമായി വാളത്തുംഗൽ സ്‌കൂളിന് സമീപത്ത് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ഇരവിപുരം ഇൻസ്‌പെക്ടർ വി.വി. അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അരുൺഷാ, സുനിൽകുമാർ, എ.എസ്.ഐ ഷാജി, സ്‌പെഷ്യൽ ഗ്രൂപ്പ് എസ്.ഐ ആർ. ജയകുമാർ, എ.എസ്.ഐ ബൈജു ജെറോം, എസ്.സി.പി.ഒ മാരായ സജു, സീനു, മനു, സി.പി.ഒമാരായ രിപു, രതീഷ്, ഡോഗ് സ്‌ക്വാഡ് സി.പി.ഒ ശ്രീജു എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.