
പത്തനാപുരം: വീട്ടുമുറ്റത്തെ ആൾമറയില്ലാത്ത കിണറ്റിൽ വീണ് ടാപ്പിംഗ് തൊഴിലാളിയായ യുവാവ് മരിച്ചു. തലവൂർ ഗ്രാമപ്പഞ്ചായത്തിലെ പിടവൂരിന് സമീപം പനമ്പറ്റ രാജീവ് ഭവനിൽ സജീവാണ് (41) മരിച്ചത്.
ബുധനാഴ്ച പുലർച്ചെ മൂന്നിനാണ് സംഭവം. ജോലിക്ക് പോകാനുള്ള തയ്യാറെടുപ്പിനായി പുറത്തേക്കിറങ്ങുമ്പോൾ വസ്ത്രം കമ്പിയിൽ കുരുങ്ങി മുപ്പതടി താഴ്ചയുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു. സജീവിന്റെ അമ്മയുടെ നിലവിളി കേട്ടുണർന്ന ബന്ധു കിണറ്റിൽ കയറിട്ട് ഇറങ്ങിയാണ് പരിക്കേറ്റ് മുങ്ങിക്കിടന്ന സജീവിനെ വെള്ളത്തിൽ നിന്നുയർത്തിയത്. മുക്കാൽ മണിക്കൂറിന് ശേഷം കുന്നിക്കോട് നിന്ന് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ രാജേന്ദ്രൻ പിള്ളയുടെ നേതൃത്വത്തിലെത്തിയ സംഘമാണ് യുവാവിനെ പുറത്തെടുത്തത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.