photo

കുണ്ടറ: ഭർത്താവുമായി പിണങ്ങി അമ്മയോടും സഹോദരിക്കുമൊപ്പം താമസിച്ചിരുന്ന സ്ത്രീയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. പേരയം ഷീബാഭവനിൽ രാധികയാണ് (52) മരിച്ചത്. പ്രതിയെന്ന് സംശയിക്കുന്ന സഹോദരീ ഭർത്താവ് ലാൽകുമാറിനെ (48) കുണ്ടറ പൊലീസ് കസ്​റ്റഡിയിലെടുത്തു.

പൊലീസ് പറയുന്നത്: വിവാഹ മോചനത്തിനുശേഷം സഹോദരിക്കും അമ്മയ്ക്കുമൊപ്പം കഴിയുകയായിരുന്നു രാധിക. മക്കളില്ല. മുളവന സ്വദേശിയായ പ്രവീണുമായി (32​) ഇവർ അടുപ്പത്തിലായിരുന്നു. രാധികയും ഇയാളും തമ്മിലുള്ള പ്രായവ്യത്യാസം കുടുംബത്തിന് ഉൾക്കൊള്ളാനായില്ല. കഴിഞ്ഞ ശനിയാഴ്ച ഇവർ തമ്മിൽ സംസാരിച്ചു നിൽക്കുന്നത് രാധികയുടെ സഹോദരി കണ്ടു. ഇവരും പ്രവീണും തമ്മിൽ വാക്കേ​റ്റമുണ്ടാവുകയും പ്രവീൺ ഈ സഹോദരിയെ മർദ്ദിക്കുകയും ചെയ്തു. അടുത്തദിവസം തന്നെ രാധികയും പ്രവീണും സമീപത്തെ ക്ഷേത്രത്തിൽ വിവാഹിതരായി. ഇതിനിടെ, തന്നെ ആക്രമിച്ചതിന് രാധികയുടെ സഹോദരി കുണ്ടറ പൊലീസിൽ പരാതി നൽകി. തിങ്കളാഴ്ച പൊലിസ് പ്രവീണിനെ പിടികൂടി റിമാൻഡ് ചെയ്തു.

കുടുംബ വീടായ 'ഷീബാഭവനം' രാധികയുടെ പേരിൽ എഴുതിനൽകിയിരുന്നു. സഹോദരിയും പ്രവീണുമായുണ്ടായ വഴക്കിനുശേഷം ഇരുവരും വീട്ടിൽനിന്ന് ഇറങ്ങണമെന്ന് രാധിക ആവശ്യപ്പെട്ടു. ഇതേച്ചൊല്ലി കുടുംബാംഗങ്ങൾ തമ്മിൽ വാക്കേ​റ്റമുണ്ടായി. രാധികയെ മരിച്ച നിലയിൽ കണ്ടെത്തിയപ്പോൾ ലാൽകുമാർ മാത്രമാണുണ്ടായിരുന്നത്.കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് സംശയിക്കുന്നു. പ്രതിയെ കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ കൃത്യമായ വിവരം ലഭിക്കുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.