കൊച്ചി: കൊല്ലം എസ്.എൻ കോളേജ് ജൂബിലി ഫണ്ടുമായി ബന്ധപ്പെട്ട കേസിൽ വിചാരണയ്ക്ക് നേരിട്ട് ഹാജരാകുന്നതിൽ ഇളവ് തേടി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അപേക്ഷ നൽകിയാൽ പരിഗണിച്ച് തീരുമാനമെടുക്കാൻ കൊല്ലം സി.ജെ.എം കോടതിക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. പ്രായം ഉൾപ്പെടെ കണക്കിലെടുത്ത് തീരുമാനിക്കാമെന്നാണ് നിർദ്ദേശം.
നേരിട്ട് ഹാജരാകുന്നതിൽ ഇളവ് തേടി വെള്ളാപ്പള്ളി നടേശൻ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി തീർപ്പാക്കിയാണ് ജസ്റ്റിസ് കെ. ഹരിപാലിന്റെ ഉത്തരവ്. കൊല്ലം സി.ജെ.എം.കോടതിയിലാണ് വിചാരണ.
എസ്.എൻ കോളേജ് കനകജൂബിലി ആഘോഷത്തിന് 1997-98 ൽ സമാഹരിച്ച് ബാങ്കിൽ നിക്ഷേപിച്ചതിൽ നിന്ന് 55 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നാണ് കേസ്. വിചാരണ ഒരു വർഷത്തിനകം പൂർത്തിയാക്കാൻ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.