
കൊല്ലം: മന്ത്രി കെ.എൻ. ബാലഗോപാലിന് പുനലൂർ ശ്രീനാരായണ കോളേജിൽ ഇന്ന് സ്വീകരണം നൽകും. 1980-83 കാലയളവിലെ പൂർവ വിദ്യാർത്ഥിയെന്ന നിലവിയിലാണ് എഫ്.എസ്.എ, കോളേജ്, മാനേജ്മെന്റ്, പി.ടി.എ എന്നിവ സംയുക്തമായി സ്വീകരണം നൽകുന്നത്. രാവിലെ 10ന് എം.ജെ. രാധാകൃഷ്ണൻ നഗറിൽ(കോളേജ് ആഡിറ്റോറിയം) നടക്കുന്ന 'ആദരവ്- 2021' പരിപാടി എസ്.എൻ ട്രസ്റ്റ് പുനലൂർ ആർ.ഡി.സി ചെയർമാൻ ടി.കെ.സുന്ദരേശൻ ഉദ്ഘാടനം ചെയ്യും. എഫ്.എസ്.എ പ്രസിഡന്റ് ജോസ് തോമസ് അദ്ധ്യക്ഷത വഹിക്കും. മന്ത്രി കെ.എൻ. ബാലഗോപാലിന് എഫ്.എസ്.എയുടെയും കോളേജിന്റെയും പി.ടി.എയുടെയും ഉപഹാരങ്ങൾ സമർപ്പിക്കും. ചടങ്ങിൽ മെരിറ്റ് അവാർഡുകളുടെ വിതരണം മന്ത്രി നിർവഹിക്കും. ആർ.ഡി.സി കൺവീനർ കെ. സുരേഷ് കുമാർ, ആദ്യബാച്ച് വിദ്യാർത്ഥി ക്യാപ്ടൻ മധുസൂദനൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. പ്രിൻസിപ്പൽ ഡോ. ടി.പി. വിജുമോൻ, എഫ്.എസ്.എ ജനറൽ സെക്രട്ടറി ആർ. സുഗതൻ, പുനലൂർ നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡി. ദിനേശൻ, മാത്യു വർഗീസ്, കോട്ടാത്തല ശ്രീകുമാർ, ഡോ. ആർ. രതീഷ്, എസ്. മുരളീധരൻ, ഡോ. കെ.എസ്. കവിത എന്നിവർ സംസാരിക്കും. പൂർവ വിദ്യാർത്ഥിനി എൻ. സുപ്രിയ മോളുടെ പ്രാർത്ഥനയോടെയാണ് ചടങ്ങുകൾ ആരംഭിക്കുക.
ക്ഷേമ പദ്ധതികളുമായി എഫ്.എസ്.എ
കോളേജിലെ വിദ്യാർത്ഥികൾക്ക് കൗൺസലിംഗ്, തൊഴിൽ നേടാനുള്ള പാതയൊരുക്കൽ, സിവിൽ സർവീസിൽ താത്പര്യമുള്ളവർക്ക് പ്രത്യേക പരിശീലനം, സാമ്പത്തിക ഭദ്രതയില്ലാത്ത കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് പഠന ഉപാധികൾ നൽകൽ, ഇൻഡോർ സ്റ്റേഡിയം നിർമ്മാണം, കാന്റീൻ കെട്ടിടം, കോളേജ് പ്രവേശന കവാടം നിർമ്മാണം എന്നീ പദ്ധതികൾ എഫ്.എസ്.എ നടപ്പാക്കും.