കൊല്ലം: ഹെൽത്ത് ഇൻസ്പെക്ടർക്ക് നേരെ കൈയേറ്റം നടത്തുകയും അസഭ്യം പറയുകയും ചെയ്ത ഓഫീസ് അസിസ്റ്റന്റിനെതിരെ നടപടിയെടുക്കാതെ ആരോഗ്യവകുപ്പ് അധികൃതർ ഒളിച്ചുകളി നടത്തുന്നതായി ആരോപണം. ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകിയെങ്കിലും ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തുകയോ വിശദീകരണം ചോദിക്കുകയോ ചെയ്തിട്ടില്ല. നെടുമ്പന സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടറും സ്റ്റാഫ് സെക്രട്ടറിയുമായ സന്തോഷ് കുമാറിന് നേരെ നവംബർ 12നാണ് നെടുമ്പന സ്വദേശിയായ ഓഫീസ് അസിസ്റ്റന്റ് കൈയേറ്റം നടത്തിയത്. തുടർന്ന് സന്തോഷ്‌കുമാർ ജില്ലാ മെഡിക്കൽ ഓഫീസർക്കും കണ്ണനല്ലൂർ പൊലീസിലും പരാതി നൽകി. എഫ്.ഐ.ആർ ഇട്ടതൊഴിച്ചാൽ മറ്റു നടപടികളൊന്നും പൊലീസും സ്വീകരിച്ചിട്ടില്ല.
പെൻഷൻ, മറ്റ് അനുകൂല്യങ്ങൾ എന്നിവയുടെ നടപടിക്രമങ്ങൾ വൈകുന്നത് ചോദ്യം ചെയ്തതിനെ തുടർന്ന് ഓഫീസ് അസിസ്റ്റന്റ് പ്രകോപിതനാകുകയായിരുന്നു. പ്ലാൻ ഫണ്ട് വിനിയോഗത്തെ കുറിച്ചും തമ്മിൽ തർക്കമുണ്ടായതായി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഇരുവരും വകുപ്പിലെ സീനിയർ ഉദ്യോഗസ്ഥരാണ്.
ഉദ്യോഗസ്ഥൻ പ്രാദേശിക രാഷ്ട്രീയ പ്രവർത്തകനായതിനാലും ഉന്നതതല സ്വാധീനമുള്ളതുമാണ് നടപടികൾ സ്വീകരിക്കാൻ അധികൃതർ മടിക്കുന്നതെന്ന ആരോപണമുണ്ട്. ജില്ലാ മെഡിക്കൽ ഓഫീസർ സ്ഥലം മാറി പോയതും പുതുതായെത്തിയ ഓഫീസർ ചാർജെടുക്കാൻ വൈകിയതുമാണ് വകുപ്പുതല അന്വേഷണം തടസപ്പെടാൻ കാരണമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ പരാതി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും പരാതിയുണ്ടെങ്കിൽ തുടർ നടപടി സ്വീകരിക്കുമെന്നും പുതുതായെത്തിയ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദുമോഹൻ അറിയിച്ചു.