knb-
ചവറയി​ൽ കെ-ഡിസ്‌കിന്റെ തൊഴിൽ മേള മന്ത്റി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: സംസ്ഥാനത്ത് അഞ്ചു വർഷത്തിനകം 20 ലക്ഷത്തോളം തൊഴിൽ അവസരങ്ങൾ ഒരുക്കുമെന്ന് മന്ത്റി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ചവറ ഇന്ത്യൻ ഇൻസ്​റ്റി​റ്റ്യുട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിൽ കേരള നോളജ് എക്കോണമി മിഷൻ ആവിഷ്‌കരിച്ച കെ-ഡിസ്‌കിന്റെ തൊഴിൽ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്വകാര്യ മേഖലയിലെ അവസരങ്ങൾക്കൊപ്പം സംരംഭകരായി സ്വയം തൊഴിൽ വരുമാനം നേടുന്നതിനുളള വഴികളും തുറക്കും. ആവശ്യമായവർക്ക് നൈപുണ്യ പരിശീലനവും നൽകുമെന്നും പുതിയ ആശയങ്ങളുമായി മുന്നോട്ട് വരുന്നവർക്ക് എല്ലാ പിന്തുണയും സർക്കാർ നൽകുമെന്നും മന്ത്രി പറഞ്ഞു. കെ ഡിസ്‌ക്കിന്റെ പ്രവർത്തനങ്ങൾക്കായി 350 കോടി രൂപയാണ് നീക്കി വച്ചിട്ടുള്ളത്.

ഡോ. സുജിത്ത് വിജയൻ പിള്ള എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയൽ, എ.ഡി.എം എൻ. സാജിതാ ബീഗം, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരിൽ, ചവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തുളസീധരൻ പിള്ള, അംഗം പ്രിയ ഷിനു, ഐ.ഐ.ഐ.സി ഡയറക്ടർ ഡോ. ബി. സുനിൽ കുമാർ, ജില്ലാ ലേബർ ഓഫീസർ എ. ബിജു, ജില്ലാ പ്ലാനിംഗ് ഓഫീസർ പി. ജെ. ആമിന തുടങ്ങിയവർ പങ്കെടുത്തു.