v

നിർമ്മാണ പ്രവൃത്തികളെയും ബാധിക്കുന്നു

കൊല്ലം: ജോലിഭാരത്തിന് ആനുപാതികമായി ജീവനക്കാരില്ലാത്തതിനാൽ തദ്ദേശ സ്ഥാപനങ്ങളിലെ എൻജിനീയറിംഗ് വിഭാഗത്തിൽ സമ്മർദ്ദമേറുന്നു. ഇത് പൊതുജനങ്ങൾക്ക് സേവനങ്ങൾ ലഭ്യമാകുന്നതിൽ കാലതാമസവും സൃഷ്ടിക്കുന്നു. നിർമ്മാണ പ്രവൃത്തികളുടെ ഗുണനിലവാരത്തെയും ബാധിക്കുകയാണ് ജീവനക്കാരുടെ ക്ഷാമം.

തദ്ദേശ സ്വയംഭരണവകുപ്പിൽ എൻജിനീറിംഗ് വിഭാഗം പ്രത്യേകമായാണ് പ്രവർത്തിക്കുന്നത്. പഞ്ചായത്തുകളിൽ സെക്രട്ടറി മുതൽ 18 ജീവനക്കാരുള്ളപ്പോൾ ഇവിടങ്ങളിലെ എൻജിനീയറീംഗ് വിഭാഗത്തിൽ അസി. എൻജിനീയറും രണ്ട് ഓവർസിയർമാരും മാത്രമാണുള്ളത്. ചില പഞ്ചായത്തുകളിൽ മാത്രമാണ് ക്ലർക്കുമാരുള്ളത്. ഇവർക്ക് ഒന്നിലധികം പഞ്ചായത്തിന്റെ ചുമതലയുമുണ്ടാകും. എണ്ണത്തിലും തുകയിലും പൊതുമരാമത്ത് വകുപ്പിനെക്കാൾ കൂടുതൽ പദ്ധതികൾ നടപ്പാക്കുന്നത് തദ്ദേശ എൻജിനീയറിംഗ് വിഭാഗമാണ്. പല പദ്ധതികളുടെയും തുക ചെറുതാണെങ്കിലും പൊതുമരാമത്ത് വകുപ്പ് നടപ്പാക്കുന്നതിന്റെ ഒൻപത് ഇരട്ടി പ്രവൃത്തികൾ തദ്ദേശ എൻജിനീയറിംഗ് വിഭാഗം നടപ്പാക്കുന്നുണ്ട്. എന്നാൽ സൂപ്രണ്ടിംഗ് എൻജിനീയർ, എക്സിക്യുട്ടീവ് എൻജിനീയർ, അസി. എക്സിക്യുട്ടീവ് എൻജിനീയർ, തേർഡ് ഗ്രേഡ് ഓവർസിയർ എന്നിവരുടെ എണ്ണം തദ്ദേശ എൻജിനിയറീംഗ് വിഭാഗത്തിൽ പൊതുമരാമത്ത് വകുപ്പിലേതിനേക്കാൾ കുറവാണ്. ജോലി ഭാരം കാരണമുള്ള സമ്മർദ്ദം സഹിക്കാനാകാതെ തദ്ദേശ എൻജിനീറിംഗ് വിഭാഗത്തിലെ കൊല്ലം സ്വദേശിയായ ജീവനക്കാരൻ അടുത്തിടെ ആത്മഹത്യ ചെയ്തിരുന്നു.

2008ലാണ് വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി തദ്ദേശ എൻജിനീയറിംഗ് വിഭാഗം രൂപീകരിച്ചത്. അന്നുണ്ടായിരുന്നതിന്റെ മൂന്നിരട്ടിയിലേറെ പദ്ധതികൾ ഇപ്പോൾ നടപ്പാക്കേണ്ടി വരുന്നു. പക്ഷേ ജീവനക്കാരുടെ തസ്തിക വർദ്ധിപ്പിച്ചിട്ടില്ല. മറ്റ് പല വകുപ്പുകളിലെയും എൻജിനീയറിംഗ് വിഭാഗത്തിൽ അനാവശ്യ തസ്തികകളുണ്ട്. ഇവരെ തദ്ദേശ എൻജിനീറിംഗ് വിഭാഗത്തിലേക്ക് പുനർവിന്യസിച്ചാൽ ഇപ്പോഴത്തെ പ്രശ്നം പരിഹരിക്കാനാകും.

ഉത്തരവാദിത്വങ്ങൾ

കെട്ടിട നിർമ്മാണ പെർമിറ്റ്, പൂർത്തീകരണ സർട്ടിഫിക്കറ്റ്, തൊഴിലുറപ്പ് പദ്ധതി, അതിരു തർക്കം പരിശോധന, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, നിർമ്മാണ പ്രവൃത്തികൾ, ബ്ലോക്ക്,ജില്ലാ പഞ്ചായത്തുകളുടെ നിർമ്മാണ പ്രവൃത്തികളുടെ മേൽനോട്ടം, പ്രകൃതി ക്ഷോഭങ്ങൾ ഉണ്ടാകുമ്പോൾ നാശനഷ്ടങ്ങളുടെ കണക്കെടുക്കൽ, എം.എൽ.എ, എം.പി ഫണ്ടുകൾ വിനിയോഗിച്ചും തദ്ദേശ സ്ഥാപനങ്ങളുടെ തനത്, പ്ലാൻ ഫണ്ടുകൾ ഉപയോഗിച്ചുമുള്ള പദ്ധതികളുടെ എസ്റ്റിമേറ്ര് തയ്യാറാക്കൽ, നിർമ്മാണ മേൽനോട്ടം.