 
കുന്നത്തൂർ : അപകടം പതിയിരിക്കുന്ന കുന്നത്തൂർ കരിമ്പിൻപുഴ പഴയ പാലം നാട്ടുകാരുടെ പേടിസ്വപ്നമാകുന്നു. കുന്നത്തൂരിനെ പുത്തനമ്പലം വഴി പത്തനംതിട്ട ജില്ലയുമായി ബന്ധിപ്പിക്കുന്ന പാലം നെടിയവിള - വേമ്പനാട്ടഴികത്ത് മുക്ക് റോഡിലാണ് സ്ഥിതിചെയ്യുന്നത്. പാലത്തിന്റെ നിർമ്മാണം നടന്നത് ബ്രിട്ടീഷുകാരുടെ ഭരണകാലത്താണ്. കല്ലടയാറ്റിൽ വന്നുചേരുന്ന കരിമ്പിൻപുഴ ഏലാ തോടിന് കുറുകേ സ്ഥിതി ചെയ്യുന്ന പാലത്തിന് വർഷങ്ങൾക്കു മുമ്പ് ബലക്ഷയം നേരിട്ടിരുന്നു. നാട്ടുകാർ പുതിയ പാലം വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയതോടെ പുതിയ പാലം നിർമ്മാണം ആരംഭിച്ചു. എന്നാൽ മന്ദഗതിയിൽ നിർമ്മാണം പുരോഗമിച്ച പുതിയ പാലം ഒടുവിൽ ഉദ്ഘാടനം പോലും നടത്താതെയാണ് ഗതാഗതത്തിനായി തുറന്നു നൽകിയത്. പ്രധാനപാതയായിട്ടും പാലം നിർമ്മാണം പൂർത്തിയായപ്പോൾ കലുങ്ങിന്റെ മാതൃകയാണെന്ന് നാട്ടുകാർ പരാതിപ്പെട്ടിരുന്നു. എന്നാൽ പുതിയ പാലം തുറന്നിട്ട് പത്ത് വർഷം കഴിഞ്ഞിട്ടും തകർന്ന പഴയ പാലം പൊളിച്ചു മാറ്റാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.
കൈവരികൾ പൂർണമായും തകർന്നു
പഴയ പാലത്തിന്റെ കൈവരികൾ പൂർണമായും തകർന്ന നിലയിലാണ്. കാട് മൂടി കിടക്കുന്നതിനാൽ ഇവ കാണാൻ കഴിയില്ല. ബീമുകളും സ്പാനുകളുമെല്ലാം അടർന്നു വീണുകൊണ്ടിരിക്കുകയാണ്. ജനവാസം തീരെ കുറവായതിനാൽ ഇവിടെ അപകടമുണ്ടായാൽ ഉടൻ അറിയണമെന്നില്ല. സാമൂഹ്യ വിരുദ്ധരുടെ താവളം കൂടിയാണ് ഈ ഭാഗം. രാത്രി കാലങ്ങളിൽ മാലിന്യം തള്ളുന്നതും ഇവിടെ തന്നെ. എം.എൽ.എ അടക്കമുള്ളവരോട് നിരവധി തവണ പാലം പൊളിക്കേണ്ടതിന്റെ ആവശ്യകത ബോദ്ധ്യപ്പെടുത്തിയിട്ടും നടപടി കൈക്കൊണ്ടിട്ടില്ലെന്നാണ് യാത്രക്കാരുടെ പരാതി.
ബൈക്കിലെ യാത്ര അമിത വേഗതയിൽ
പുതിയ പാലം ജനങ്ങൾക്കായി തുറന്ന് നൽകി പത്ത് വർഷം പിന്നിട്ടിട്ടും തകർന്ന പഴയ പാലം പൊളിച്ചു മാറ്റാൻ ഇതുവരെ അധികൃതർ തയ്യാറായിട്ടില്ല. പാലത്തിലൂടെയുള്ള റോഡും തകർന്നിട്ടുണ്ട്. ഈ പാലത്തിലൂടെ യുവാക്കൾ ഇരുചക്ര വാഹനങ്ങളിൽ അമിത വേഗതയിൽ ചീറിപ്പായുന്നത് പതിവാണ്. വലിയ വാഹനങ്ങളും ഇതുവഴി സഞ്ചരിക്കാറുണ്ട്. ഏത് നിമിഷവും തകർന്നു വീഴാവുന്ന പാലത്തിലൂടെയാണ് ഇവരുടെ സഞ്ചാരം.