 
 പ്രൗഢി കെട്ട് കരീപ്ര ഇടയ്ക്കിടം ഗ്രാമ ചന്ത
കൊല്ലം: കരീപ്ര ഇടയ്ക്കിടം ഗ്രാമ ചന്ത സാമൂഹ്യ വിരുദ്ധരുടെ താവളമായി. പതിറ്റാണ്ടുകൾക്ക് മുൻപ് സജീവമായിരുന്ന ചന്ത ഇപ്പോൾ ആഴ്ചയിൽ ഒരിക്കൽ നാമമാത്രമായാണ് പ്രവർത്തിക്കുന്നത്.
കാർഷിക മേന്മയുള്ള കരീപ്ര ഗ്രാമപഞ്ചായത്തിൽ കാർഷിക ഉത്പന്നങ്ങൾ വിൽക്കാനും വാങ്ങാനും ജനം ആശ്രയിച്ചിരുന്നത് ഇടയ്ക്കിടം ചന്ത ആയിരുന്നു. മത്സ്യം, മാംസ്യം എന്നിവയടക്കം ഉള്ളതിനാൽ ഇടയ്ക്കിടം ജംഗ്ഷനിൽത്തന്നെയുള്ള ചന്ത നാടിന്റെ സജീവതയായിരുന്നു. കരീപ്ര ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ചന്തയിൽ കാലത്തിന് അനുസരിച്ചുള്ള വികസനമെത്തിയ്ക്കാൻ അധികൃതർക്ക് കഴിഞ്ഞില്ല. തട്ടിക്കൂട്ട് സംവിധാനങ്ങളിലാണ് പ്രവർത്തനം. ഇടിഞ്ഞുവീഴാറായ കെട്ടിടത്തിൽ ഒരു വൃത്തിയില്ലാത്ത കുടുസുമുറിയിലാണ് ആഴ്ചതോറുമുള്ള ഇറച്ചി വ്യാപാരം. മത്സ്യ വ്യാപാരത്തിനായി ടൈൽ പാകിയ മേശകൾ തയ്യാറാക്കിയെങ്കിലും ഇതൊന്നും വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്തുന്നില്ല. ബാക്കി സ്ഥലമെല്ലാം വെറുതേ കിടന്ന് നശിക്കുകയാണ്. മാലിന്യ സംസ്കരണത്തിന് സംവിധാനമില്ല. പ്രവർത്തന ദിവസം മഴയാണെങ്കിൽ ദുരിതമേറും.
 ഞായറാഴ്ചയിലൊതുങ്ങി
എല്ലാ ദിവസവും സജീവമായിരുന്ന ഇടയ്ക്കിടം ഗ്രാമച്ചന്ത പിന്നീട് ബുധൻ, ഞായർ ദിവസങ്ങളിൽ മാത്രമായി ചുരുക്കി. അടുത്തകാലത്തായി ഞായറാഴ്ച മാത്രമാണ് പ്രവർത്തനം. ഞായറാഴ്ച പുലർച്ചെ ആറ് മണിയോടെ ചന്ത സജീവമായിത്തുടങ്ങും. നൂറുകണക്കിന് ആളുകളാണ് സാധനങ്ങൾ വാങ്ങാനെത്തുന്നത്. പതിനൊന്നരയോടെ പ്രവർത്തനം നിറുത്തും. എല്ലാ ദിവസവും ചന്ത പ്രവർത്തിച്ചാൽ നാട്ടുകാർ സാധനങ്ങൾ വാങ്ങാൻ തയ്യാറാണ്. ചന്ത ഇല്ലാത്തതിനാൽ മത്സ്യവില്പന ഉൾപ്പടെ കവലയുടെ മറ്റ് ഇടങ്ങളിലേക്ക് മാറിയിട്ടുണ്ട്.
 സജീവം സാമൂഹ്യവിരുദ്ധർ
ചന്തയുടെ പ്രവർത്തനം നാമമാത്രമായതോടെ മദ്യപൻമാർക്ക് അവിടം താവളമായി. ചെറുതും വലുതുമായ സംഘങ്ങൾ ഇവിടെ തമ്പടിക്കുന്നത് നാട്ടുകാർക്കും ശല്യമായി മാറുകയാണ്. പ്രദേശത്ത് ചില്ലറ മോഷണങ്ങളുമുണ്ട്. അടുത്തിടെ കവലയിലെ നിരവധി കടകളിൽ മോഷണം നടന്നിരുന്നു. എഴുകോൺ പൊലീസ് ഇവിടേക്ക് കാര്യമായ ശ്രദ്ധ ചെലുത്താറുമില്ല. കഞ്ചാവ് വില്പന സംഘങ്ങളും ഇവിടെയുണ്ടെന്നാണ് പരാതികൾ.