 
കുന്നത്തൂർ: വിദ്യാർത്ഥികളിൽ കാർഷിക സംസ്കാരം വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ കലാലയ പരിസരത്ത് ആരംഭിച്ച കൈതച്ചക്ക കൃഷിയിൽ നൂറുമേനി കൊയ്ത് ശാസ്താംകോട്ട കെ.എസ്.എം ദേവസ്വം ബോർഡ് കോളേജ്. ദേവസ്വം ബോർഡിന്റെ ദേവഹരിതം പദ്ധതിയും സംസ്ഥാന സർക്കാരിന്റെ സുഭിക്ഷയുടെയും ഭാഗമായാണ് കൈതച്ചക്ക കൃഷി വിദ്യാർഥികൾ ആരംഭിച്ചത്. കൃഷി വകുപ്പിന്റെ സഹായവും ലഭിച്ചിരുന്നു. പി.ടി.എയുടെ നേതൃത്വത്തിലായിരുന്നു കൃഷി. കോളേജിലെ മുൻ പ്രിൻസിപ്പലും കേരള സർവകലാശാ രജിസ്ട്രാറുമായ ഡോ.കെ.എസ്. അനിൽകുമാറാണ് ആശയം മുന്നോട്ട് വയ്ക്കുകയും കൃഷിക്ക് തുടക്കം കുറിക്കുകയും ചെയ്തത്. എൻ.എസ്.എസ്, എൻ.സി.സി, ബോട്ടണി വിഭാഗം എന്നിവയുടെ സഹകരണത്തോടെയാണ് കൃഷിനടപ്പാക്കിയത്.
ശുദ്ധജല തടാകമായ ശാസ്താംകോട്ട കായൽ പരിസരത്ത് ആരംഭിച്ച കൃഷി അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റാണ് ഉദ്ഘാടനം ചെയ്തത്. കൃഷിവകുപ്പിന്റെയും കോളേജിലെ അദ്ധ്യാപക, അനദ്ധ്യാപകരുടെത് ഉൾപ്പടെ എല്ലാവരുടെയും മികച്ച പിന്തുണയാണ് കൈതച്ചക്ക കൃഷിക്ക് ലഭിച്ചത്. പഠനകാലത്തെ വലിയ അനുഭവമാണ് കൃഷിയിലൂടെ ലഭിച്ചതെന്ന് വിദ്യാർത്ഥികൾ പറയുന്നു.
പ്രിൻസിപ്പൽ ഡോ.ബീന രവീന്ദ്രൻ,ബോട്ടണി വിഭാഗം മേധാവി ഡോ.ഗീതാകൃഷ്ണൻ നായർ,പി.ടി.എ സെക്രട്ടറി ഡോ.ജയന്തി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ.ആത്മൻ,പ്രൊഫ. ലക്ഷ്മി ശ്രീകുമാർ, ലൈബ്രേറിയൻ ഡോ.പി.ആർ. ബിജു, വിദ്യാർത്ഥികളായ അനന്തു,അനന്തകൃഷ്ണൻ,അഖിൽ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു കൈതച്ചക്ക. ആദ്യ വിളവെടുപ്പിന് ശേഷം ആയിരംകൈതച്ചക്ക തൈകൾ കൂടി വിദ്യാർത്ഥികൾ വച്ചുപിടിപ്പിച്ചു.