1-
മോട്ടോർ വാഹനവകുപ്പ് പരിശോധന നടത്തി കസ്റ്റഡിയിലെടുത്ത ആംബുലൻസ്

കൊല്ലം: ആംബുലൻസുകൾ അപകടത്തിൽപ്പെടുന്നത് വർദ്ധിച്ച സാഹചര്യത്തിൽ ഗതാഗത വകുപ്പ് പരിശോധന ശക്തമാക്കിയതിനിടെ, മദ്യപിച്ച് ആംബുലൻസിൽ ഒറ്റയ്ക്ക് വരികയായിരുന്ന ഡ്രൈവർ പിടിയിലായി. അഞ്ചൽ തറമേൽ സ്വദേശി സുഭാഷ് (39) ആണ് പിടിയിലായത്.

ഇയാൾ മദ്യലഹരിയിലാണെന്ന രഹസ്യവിവരത്തെ തുടർന്ന് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ എ.കെ. ദിലുവിന്റെ നേതൃത്വത്തിൽ അഞ്ചൽ കോളേജ് ജംഗ്‌ഷനിൽ നടന്ന പരിശോധനയിലാണ് ഇന്നലെ വൈകിട്ട് 6.30 ഓടെ ഇയാൾ കുടുങ്ങിയത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് പിടികൂടി അഞ്ചൽ പൊലീസിൽ ഏൽപ്പിക്കുകയുമായിരുന്നു. ക്രിമിനൽ പശ്ചാത്തലമുള്ള ഇയാൾക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇല്ലായിരുന്നുവെന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു. ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ഡ്രൈവർമാർ ആംബുലൻസ് ഓടിക്കുന്നത് 2019 മുതൽ വിലക്കിയിരുന്നു.

ജീവൻ രക്ഷിക്കാനുള്ള പാച്ചിലിനിടെ അപകടത്തിൽപ്പെടുന്ന ആംബുലൻസുകളുടെ എണ്ണം വർദ്ധിക്കുന്നതായും ഭൂരിഭാഗം പേരും ലഹരി ഉപയോഗിക്കുന്നതായും ചൂണ്ടിക്കാട്ടി 16ന് 'കേരളകൗമുദി' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ജില്ലയിൽ 2019ലുണ്ടായ 3,300 ഓളം വാഹനാപകടങ്ങളിൽ 450ലും ആംബുലൻസുകൾ ഉൾപ്പെട്ടിരുന്നുവെന്നും വാർത്തയിൽ ചൂണ്ടിക്കാട്ടിയിരുന്നു. 22ന് ആംബുലൻസ് ഡ്രൈവർമാർക്ക് പരിശീലനം നടത്താനിരിക്കെയാണ് മദ്യപിച്ചെത്തിയ ഡ്രൈവർ പിടിയിലായത്.

പരിശോധനയിൽ എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ എ.കെ. ദിലുവിന്റെ നേതൃത്വത്തിൽ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ വിജേഷ്, മഞ്ജു, അസിസ്റ്റന്റ് ഇൻസ്പെക്ടർമാരായ കെ.ആർ. അനൂപ്, ശബരീഷ് എന്നിവർ പങ്കെടുത്തു. അഞ്ചൽ പൊലീസ് ഇൻസ്‌പെക്ടർ ഗോപകുമാറിന്റെ നേതൃത്വത്തിൽ മേൽ നടപടികൾ സ്വീകരിച്ചു. വൈഗ അഞ്ചൽ എന്ന ആംബുലൻസ് വാഹനം കസ്റ്റഡിയിലെടുക്കുകയും ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് മോട്ടോർ വാഹന വകുപ്പ്, പൊലീസ് അധികൃതർ പറഞ്ഞു. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്നും ആർ.ടി.ഒ അറിയിച്ചു.