photo
വാഹനം ഇടിച്ചതിനെ തുടർന്ന് ചരിഞ്ഞ തൂണിൽ തൂങ്ങിക്കിടക്കുന്ന സി.സി ടി.വി കാമറ.

കരുനാഗപ്പള്ളി: കുറ്റകൃത്യങ്ങൾ കണ്ടെത്തുകയും അതുവഴി കുറ്റവാളികളെ തിരിച്ചറിയുകയും ചെയ്യുന്നത് പലപ്പോഴും സി.സി ടി.വി ദൃശ്യങ്ങളിൽ നിന്നാണ്. പ്രത്യേകിച്ച്, രാത്രിയിൽ ദേശീയപാതയിലുണ്ടാകുന്ന അപകടങ്ങളും അതിക്രമങ്ങളും. ഇത് മുന്നിൽ കണ്ടാണ് ദേശീയപാതയിൽ മാത്രമല്ല, ഗ്രാമീണ റോഡുകളിലും വൻ തുക ചെലവാക്കി കാമറകൾ സ്ഥാപിച്ചത്. ചവറ മണ്ഡലത്തിന്റെ പരിധിയിൽ ഇത്തരത്തിൽ 50 ഓളം സി.സി ടി.വി കാമറകളാണ് സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ 10 എണ്ണവും ദേശീയപാതയിലാണ്. എന്നാൽ, ഇവയിൽ ഒരെണ്ണം പോലും പ്രവർത്തിക്കുന്നില്ലെന്നതാണ് ഇപ്പോൾ അറിയുന്നത്.

ദേശീയപാതയിൽ ഇടപ്പള്ളികോട്ടയിലും ടൈറ്റാനിയം ജംഗ്ഷനിലും സ്ഥാപിച്ചിട്ടുള്ള കാമറകൾ ഇരുമ്പ് തൂണുകളോടെ നിലംപൊത്തിയിട്ട് മാസങ്ങളാകുന്നു. രാത്രിയിൽ നിയന്ത്രം വിട്ട വാഹനം വന്നിടിച്ചാണ് ഇരു കാമറകളും തകർന്നുവീണത്. 2017ൽ സ്ഥലം എം.എൽ.എ യുടെ വികസന ഫണ്ടിൽ നിന്ന് അനുവദിച്ച തുക ഉപയോഗിച്ചാണ് കാമറകൾ സ്ഥാപിച്ചത്. നീണ്ടകര കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു സ്വകാര്യ സ്ഥാപനത്തിനായിരുന്നു ഇതിന്റെ ചമതല. ആദ്യ ഒരു വർഷം കാമറകളുടെ അറ്റകുറ്രപ്പണികൾ ഇവർ നടത്തിയിരുന്നു. എന്നാൽ, മെയിന്റനൻസ് കലാവധി കഴിഞ്ഞതോടെ അറ്റകുറ്റപ്പകളിൽ നിന്ന് സ്ഥാപനം പിന്മാറി. ഇതോടെ സി.സി ടി.വി കാമറകൾ അനാഥമാകുകയും ക്രമേണ എല്ലാ കാമറകളും പ്രവർത്തന രഹിതമാകുകയും ചെയ്തു.

മിഴിപൂട്ടിയപ്പോൾ

കഥമാറി !

കാമറകൾ പ്രവർത്തന സജ്ജമായിരുന്നപ്പോൾ രാത്രിയിലെ കുറ്രകൃത്യങ്ങൾ കൃത്യമായി കണ്ടെത്തുകയും കുറ്രക്കാരെ അറസ്റ്റുചെയ്യാനും കഴിഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ അതിന് കഴിയാത്ത സ്ഥിതിയാണ്.

രാത്രിയിൽ യാത്രകാരെ ഇടിച്ചിട്ട ശേഷം വാഹനങ്ങൾ നിർത്താതെ പോകുന്നത് പതിവാണ്. ഇത്തരത്തിൽ നിരവധി കേസുകളാണ് അടുത്ത ദിവസങ്ങളിലായി ചവറ പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

കാമറകൾ പ്രവർത്തന സജ്ജമായിരുന്നപ്പോൾ നാട്ടിലും ഹൈവേയിലും മോഷണവും പിടിച്ചുപറിയും ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ ഗണ്യമായി കുറഞ്ഞിരുന്നു.

നാട്ടിലെ കുറ്റകൃത്യസാദ്ധ്യതകളെ മുൻകൂട്ടിക്കണ്ട് അതിനെ അമർച്ച ചെയ്യാനും പൊലീസിന് കഴിഞ്ഞിരുന്നു. തകർന്നു കിടക്കുന്ന കാമറകൾ നന്നാക്കാനുള്ള ഫണ്ട് പൊലീസിന്റെ കൈവശം ഇല്ലെന്നാണ് അവർ പറയുന്നത്.

കുറ്റകൃത്യങ്ങൾ തടയാനും കുറ്റവാളികളെ കണ്ടെത്താനും ദേശീയപാതയോരത്തെ നിരീക്ഷണ കാമറകളെങ്കിലും പ്രവർത്തന സജ്ജമാക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. പന്മന, ചവറ, നീണ്ടകര ഗ്രാമപഞ്ചായത്തുകൾ മുൻകൈയെടുത്താൽ ദേശീയ പാതയോരത്തെ കാമറകളെങ്കിലും പ്രവർത്തന സജ്ജമാക്കാൻ കഴിയും. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ഗ്രാമപഞ്ചായത്ത് കമ്മിറ്റികളാണെന്നും അവർ പറയുന്നു.