photo
പുനലൂർ നഗരസഭയുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങൾ കാടുമൂടി തുരുമ്പെടുത്ത നിലയിൽ

പുനലൂർ: നഗരസഭയുടെ ഉടമസ്ഥതയിലുള്ള, ലക്ഷങ്ങൾ വില മതിക്കുന്ന വാഹനങ്ങൾ തുരുമ്പെടുത്ത് നശിച്ചിട്ടും നടപടിയില്ല. ചെമ്മന്തൂരിൽ സ്വകാര്യ ബസ് സ്റ്റാൻഡിനോട് ചേർന്നുളള സ്ഥലത്തും നഗരസഭ കാര്യലയത്തോടു ചേർന്ന ഗ്രൗണ്ടിലും നെല്ലിപ്പള്ളിക്ക് സമീപത്തുമാണ് 20ൽ അധികം വാഹനങ്ങൾ മഴയും വെയിലുമേറ്റ് നശിക്കുന്നത്.

റോഡ് റോളർ, ലോറി, ജീപ്പ്, ടിപ്പർ, ട്രാക്ടർ, ആംബുലൻസ്, ജെ.സി.ബി തുടങ്ങിയ നിരവധി വാനങ്ങളാണ് തുരുമ്പെടുത്ത് കാട് മൂടിയ നിലയിൽ ഉപേക്ഷിച്ചിരിക്കുന്നത്. ചെറിയ അറ്റകുറ്റപ്പണികൾ പോലും വരുമ്പോൾ വാഹനങ്ങൾ ഷെഡിൽ കയറ്റുന്ന രീതിയാണ് ഇവ നശിക്കാൻ വഴിയൊരുക്കുന്നത്. ചെമ്മന്തൂരിൽ ഉപേക്ഷിച്ച വാഹനങ്ങളുടെ മുകളിലേക്ക് വള്ളിപ്പടർപ്പുകൾ വളർന്ന് കയറിയ നിലയിലാണ്. പുറമേ നിന്നു നോക്കിയാൽ മുഴുവനായി കാണാൻ പോലുമാവാത്ത അവസ്ഥ. വീലുകൾ ദ്രവിച്ച വാഹനങ്ങൾ മണ്ണിൽ പുതഞ്ഞു നിൽക്കുകയാണ്. പല വാഹനങ്ങളുടെയും പാർട്സുകൾ ഇതിനകം മോഷ്ടാക്കൾ കവർന്നതായും സമീപ വാസികൾ പറയുന്നു.

പത്ത് വർഷത്തോളമായി വെറുതേകിടന്ന് നശിക്കുന്ന വാഹനങ്ങൾ അറ്റകുറ്റപ്പി നടത്തി ഓടിക്കാൻ ഇനി അധികൃതർ മെനക്കെടുമെന്ന പ്രതീക്ഷയില്ല.

കനത്ത വേനലിൽ വാടകയ്ക്ക് ലോറികൾ എടുത്താണ് നഗരസഭ പ്രദേശങ്ങളിലെ വാർഡുകളിൽ പത്ത് വർഷമായി ശുദ്ധജല വിതരണം നടത്തി വരുന്നത്. ഇത്തരത്തിൽ മാത്രം വർഷം ലക്ഷക്കണക്കിന് രൂപയാണ് ചെലവാകുന്നത്. കൂടാതെ കൊവിഡ് കാലയളവിലും വാഹനങ്ങൾ വാടകയ്ക്ക് വിളിച്ചായിരുന്നു വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിച്ചത്.

 ഫലം കാണാതെ സമരങ്ങൾ

തുരുമ്പെടുത്ത് നശിച്ചുകൊണ്ടിരിക്കുന്ന വാഹനങ്ങളിൽ പലതും നവീകരണം നടത്തി ഉപയോഗിക്കാവുന്നതാണത്രെ. കോടികൾ വിലമതിക്കുന്ന വാഹനങ്ങൾ നാശത്തിലേക്ക് നീങ്ങുന്നതിനെതിരെ പ്രതിപക്ഷ കൗൺസിലർമാർ നിരവധി സമരങ്ങൾ നടത്തിയിട്ടും ഫലമുണ്ടായില്ല. ഉപയോഗ ശൂന്യമായ വാഹനങ്ങൾ കാലാകലങ്ങളിൽ ലേലം ചെയ്തു നൽകുകയാണ് പതിവ്. എന്നാൽ പുനലൂർ നഗരസഭ ഭരണാധികാരികൾ ഇതിന് തയ്യാറാവാത്തതിനാലാണ് പ്രതിഷേധം കനക്കുന്നത്. പരിസ്ഥിതി പ്രവർത്തകരും ഈ വിഷയത്തിൽ രംഗത്തെത്തിയിട്ടുണ്ട്.

കാലപ്പഴക്കത്തെ തുടർന്ന് ഉപയോഗ ശൂന്യമായ വാഹനങ്ങളാണ് ചെമ്മന്തൂരിലും മറ്റും കിടക്കുന്നത്. ഇതിൻെറ രേഖകൾ ലഭിച്ചാലുടൻ ലേലം ചെയ്തു നൽകും

വി.പി.ഉണ്ണിക്കൃഷ്ണൻ,

നഗരസഭ ഉപാദ്ധ്യക്ഷൻ