കൊല്ലം: കശുഅണ്ടി വ്യവസായം സംരക്ഷിക്കാനും പുനരുദ്ധരാണത്തിനും പ്രത്യേക പാക്കേജ് ആവശ്യമാണെന്നും അതിനായി ശക്തമായ ഇടപെടൽ നടത്തുമെന്നും സംസ്ഥാന കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ പറഞ്ഞു. കൊല്ലം പ്രസ് ക്ലബിന്റെ മീറ്റ് ദി പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കശുഅണ്ടി ആവശ്യത്തിന് ലഭിക്കാത്തതും പരിപ്പ് യഥാസമയം വിറ്റഴിക്കാൻ കഴിയാത്തതും പ്രതിസന്ധികൾക്കിടയാക്കി. പരിപ്പ് കയറ്റുമതിയിൽ ഒന്നാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇപ്പോൾ വളരെ പിന്നിലാണ്. തൊഴിലാളികളിൽ 95 ശതമാനവും സ്ത്രീകളും ദുർബല ജനവിഭാഗത്തിലുള്ളവരുമാണെന്ന പരിഗണ നൽകി കേന്ദ്ര സംസ്ഥാന സർക്കാരുകൾ വ്യവസായ സംരക്ഷണത്തിന് പാക്കേജുകൾ പ്രഖ്യാപിക്കണം. പ്രതിവർഷം 1,000 എന്ന നിലയിൽ 5 വർഷം കൊണ്ട് 5,000 പേർക്ക് കോർപ്പറേഷനിൽ പുതുതായി ജോലി നൽകും. പിരിഞ്ഞുപോയ മുഴുവൻ തൊഴിലാളികൾക്കും അടുത്തവർഷത്തോടെ ഗ്രാറ്റുവിറ്റി നൽകുമെന്നും സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ 10 ലക്ഷം കശുമാവ് തൈകൾ വച്ചുപിടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.