paravur
എൻ.എസ്.എസ് ചാത്തന്നൂർ താലൂക്ക് യൂണിയനിൽ നടന്ന പ്രതിഭാസംഗമവും വിദ്യാഭ്യാസ അവാർഡ് വിതരണവും താലൂക്ക് യൂണിയൻ പ്രസിഡന്റ് ചാത്തന്നൂർ മുരളി ഉദ്ഘാടനം ചെയ്യുന്നു


പരവൂർ: എൻ.എസ്.എസ് ചാത്തന്നൂർ താലൂക്ക് യൂണിയനിൽ പ്രതിഭാസംഗമവും വിദ്യാഭ്യാസ അവാർഡ് വിതരണവും നടന്നു. താലൂക്ക് യൂണിയൻ ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് ചാത്തന്നൂർ മുരളി ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് പരവൂർ മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. 80 കരയോഗങ്ങളിൽ നിന്നുള്ള 6 സംഘടനാ അവാർഡുകൾ നേടിയവരും വിവിധ മേഖലകളിൽ മികവ് പ്രകടിപ്പിച്ചവരുമായ 10 പേരെ ചടങ്ങിൽ ആദരിച്ചു.

സർവ്വകലാശാല പരീക്ഷകളിൽ റാങ്ക് നേടിയ 19 പേരെയും ഡോക്ടറേറ്റ് ലഭിച്ച 5 പേരെയും പ്രൊഫഷണൽ കോഴ്സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ 16 പേരെയും ചടങ്ങിൽ അനുമോദിച്ചു. സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ള വിദ്യാർത്ഥികൾക്ക് നൽകുന്ന വിദ്യാധിരാജ സ്കോളർഷിപ്പായി 504 പേർക്ക് മൂന്നുലക്ഷം രൂപയും വിതരണം ചെയ്തു.
ഈശ്വരവിലാസം 2979 -ാം നമ്പർ കരയോഗത്തെ ഏറ്റവും മികച്ച കരയോഗമായും, സി.മോഹനൻപിള്ളയെ 1607 (പുലിയില ) മികച്ച കരയോഗം പ്രസിഡന്റായും എസ്. ശിവപ്രസാദ് കുറുപ്പിനെ (1799 -കലയ്ക്കോട് വടക്ക്) മികച്ച കരയോഗം സെക്രട്ടറിയായും തിരഞ്ഞെടുത്തു. കരയോഗം തലത്തിൽ ജി.സന്തോഷ് കുമാറിനെ (4352 -മേവനക്കോണം-പടിഞ്ഞാറ് ) ഏറ്റവും നല്ല പ്രവർത്തനം നടത്തിയ സെക്രട്ടറിയായും സി.എച്ച്.ആർ - 47 ശ്രീപത്മം (4608 -കൂനയിൽ പത്മവിലാസം), 295 -ശ്രീലക്ഷ്മി (2874 -കുളത്തൂർകോണം) എന്നിവയെ സംരംഭകത്വം നടത്തുന്ന മികച്ച സ്വയം സഹായ സംഘങ്ങളായും തിരഞ്ഞെടുത്തു.
സംഘടന അവാർഡുകൾ യൂണിയൻ പ്രസിഡന്റ് ചാത്തന്നൂർ മുരളി വിതരണം ചെയ്തു. എൻ.കെ.പ്രേമചന്ദ്രൻ എം.പി പ്രതിഭകളെ ആദരിച്ചു. ജി.എസ്. ജയലാൽ എം.എൽ.എ മെറിറ്റ് അവാർഡും പി.സി.വിഷ്ണുനാഥ് എം.എൽ.എ വിദ്യാഭാസ അവാർഡും വിതരണം ചെയ്തു. യൂണിയൻ സെക്രട്ടറി ടി.അരവിന്ദാക്ഷൻ പിള്ള, എൻ.എസ്.എസ് ഇൻസ്‌പെക്ടർ എസ്. ശ്രീജിത്ത് എന്നിവർ സംസാരിച്ചു.