കൊല്ലം: നെടുമ്പന സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലുണ്ടായ കൈയാങ്കളിയിൽ ആശുപത്രിയിലെ വനിതാ ഓഫീസ് അസിസ്റ്റന്റിന് ബന്ധമില്ല. ഹെൽത്ത് ഇൻസ്പെക്ടറും ആശുപത്രിയിലെ മറ്റൊരു പുരുഷ ജീവനക്കാരും തമ്മിലാണ് പ്രശ്നങ്ങളുണ്ടായത്. ഹെൽത്ത് ഇൻസ്പെക്ടറുടെ പരാതിയിൽ പുരുഷ ജീവനക്കാരനെതിരെയാണ് കണ്ണനല്ലൂർ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
കഴിഞ്ഞമാസം 12നാണ് സി.എച്ച്.സിയിൽ രണ്ട് ജീവനക്കാർ തമ്മിൽ പ്രശ്നങ്ങളുണ്ടായത്. എന്നാൽ ഹെൽത്ത് ഇൻസ്പെക്ടറും ഓഫീസും അസിസ്റ്റന്റും തമ്മിൽ കൈയാങ്കളി ഉണ്ടായെന്നാണ് വാർത്ത വന്നത്. യഥാർത്ഥത്തിൽ വനിതാ ഓഫീസ് അസിസ്റ്റന്റിന് ഈ സംഭവങ്ങളിൽ യാതൊരു പങ്കുമില്ല. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്ന് കണ്ണനല്ലൂർ പൊലീസ് പറഞ്ഞു.