 
കൊല്ലം: കെ റെയിൽ പദ്ധതിക്ക് സ്ഥലമേറ്റെടുക്കുന്നതിന്റെ കല്ലിടീലിനിടെ കൊട്ടിയം തഴുത്തലയിൽ ഉദ്യോഗസ്ഥരെ അമ്പരപ്പിച്ച രംഗങ്ങൾ. ദമ്പതികളും മകളും ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കി. അയൽവീട്ടിലെ ദമ്പതികൾ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച ശേഷം ലൈറ്ററും കൈയിൽപ്പിടിച്ച് ഉദ്യോഗസ്ഥരെ മുൾമുനയിൽ നിറുത്തി. ഒരു വീട്ടമ്മ മകൾക്കൊപ്പം വീട്ടിലേക്ക് ഓടിക്കയറി കതകടച്ചത് അല്ലാത്ത ആശങ്കയായി.
കൊട്ടിയം, തഴുത്തല പ്രദേശങ്ങൾ ഉൾപ്പെടുന്ന ആദിച്ചനല്ലൂർ പഞ്ചായത്തിലെ 19-ാം വാർഡിൽ മുരുക്കുംകാവ് ക്ഷേത്രം വരെയുള്ള ഭാഗത്തെ കല്ലിടൽ ശനിയാഴ്ച പൂർത്തിയായിരുന്നു. 19-ാം വാർഡിലെ ശേഷിക്കുന്ന സ്ഥലത്തെ കല്ലിടലാണ് ഇന്നലെ രാവിലെ ആരംഭിച്ചത്. ഈ വാർഡിലെ രണ്ടിടത്ത് കല്ലിട്ട ശേഷം 20-ാം വാർഡിലേക്ക് കടന്നപ്പോഴാണ് പ്രതിഷേധം ശക്തമായത്. വൈകിട്ട് പ്രതിഷേധം കൂടുതൽ കനത്തതോടെ ഉദ്യോഗസ്ഥ സംഘം പിൻവാങ്ങി. എന്നാൽ ഇന്ന് പുനരാരംഭിക്കുമെന്ന് കെ റെയിൽ സ്ഥലമേറ്റെടുപ്പ് വിഭാഗം അറിയിച്ചു.
 11 എ.എം
ഉദ്യോഗസ്ഥ സംഘം 20-ാം വാർഡിലെ കാർത്തികയിൽ സിന്ധുവിന്റെ ഭൂമിയിൽ കല്ലിടാനെത്തി. രൂപരേഖ പ്രകാരം വീടിന്റെ അടുക്കളയിലാണ് കല്ലിടേണ്ടത്. ഉദ്യോഗസ്ഥ സംഘം വീട്ടിൽ പ്രവേശിച്ചതോടെ സിന്ധു ഉച്ചത്തിൽ പ്രതിഷേധിച്ചു. കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകർ വീട്ടമ്മയ്ക്ക് പിന്തുണയുമായി എത്തി. പൊലീസ് ബലം പ്രയോഗിച്ച് പ്രതിഷേധക്കാരെ നീക്കുന്നതിനിടെ വീട്ടമ്മ കുഴഞ്ഞുവീണു. പ്രതിഷേധക്കാർ ഇതിനിടെ അടുക്കളയിലിട്ട കല്ല് പിഴുത് നീക്കാൻ ശ്രമിച്ചെങ്കിലും പൊലീസുകാർ ഇടപെട്ട് പിന്തിരിപ്പിച്ചു.
 1 പി.എം
സ്ഥലമേറ്റെടുക്കൽ സംഘം ഉച്ചയ്ക്ക് ഒരു മണിയോടെ തൊട്ടടുത്തുള്ള ജയകുമാറിന്റെ ഭൂമിയിലേക്ക്. ഇതോടെ ജയകുമാറും ഭാര്യയും മകളും ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ചു. ജയകുമാറിന്റെ കൈയിൽ ലൈറ്ററും ഉണ്ടായിരുന്നു. ഇവർക്ക് പിന്തുണയുമായി കോൺഗ്രസ് പ്രവർത്തകരും ഇതോടെ കെ റെയിൽ വിരുദ്ധ സമരസമിതി പ്രവർത്തകരും സ്ത്രീകൾ അടക്കമുള്ള നാട്ടുകാരും എത്തി. പൊലീസും ഉദ്യോഗസ്ഥരും ആശ്വസിപ്പിക്കാൻ ശ്രമിച്ചിട്ടും ജയകുമാർ വഴങ്ങിയില്ല. ഇതോടെ ഉദ്യോഗസ്ഥ സംഘം കളക്ടറെ ബന്ധപ്പെട്ടു. കളക്ടറുടെ നിർദ്ദേശ പ്രകാരം സബ് കളക്ടറും തഹസിൽദാരും സ്ഥലത്തെത്തി ജയകുമാറുമായും തൊട്ടുമുൻപ് കല്ലിട്ട വീട്ടിലെ സിന്ധുവുമായും ചർച്ച നടത്തി. ഇതിനിടെ സിന്ധുവും മകളും വീട്ടിലേക്ക് ഓടിക്കയറി. പൊലീസ് ഉദ്യോഗസ്ഥർ അവർക്ക് പിന്നാലെ ഓടി. സിന്ധുവും മകളും അത്മഹത്യയ്ക്ക് ശ്രമിക്കുമോയെന്ന ഭീതിയിൽ പൊലീസ് വീടിന്റെ പിൻവാതിൽ പൊളിച്ച് അകത്തുകടന്ന് ഇരുവരെയും ആശ്വസിപ്പിച്ചു.
 3 പി.എം
ഉദ്യോഗസ്ഥസംഘം ജയകുമാറിന്റെ അയൽവാസിയായ അജയകുമാറിന്റെ വീട്ടിലേക്ക് നടന്നു. അപ്പോൾ അജയകുമാർ ഗേറ്റ് അടച്ചു. കൈയിൽ കരുതിയിരുന്ന മണ്ണെണ്ണ ഭാര്യ സുധയുടെ ദേഹത്തേക്കൊഴിച്ചു. തുടർന്ന് അജയകുമാർ സ്വയമൊഴിച്ചു. എന്നിട്ട് ലൈറ്റർ ഉയർത്തിപ്പിടിച്ചു. പൊലീസുകാർക്കും ഉദ്യോഗസ്ഥർക്കും അകത്തേക്ക് കടക്കാനായില്ല. സ്ഥിതി വഷളാകുമെന്ന് ഉറപ്പായതോടെ പൊലീസിന്റെ നിർദ്ദേശപ്രകാരം ഉദ്യോഗസ്ഥർ കല്ലിടീൽ താത്കാലിമായി അവസാനിപ്പിച്ച് മടങ്ങി.