കൊല്ലം: കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി എയ്ഡഡ് സ്കൂളുകൾ നൽകിയ സംഭാവനകൾ വിസ്മരിക്കാനാകില്ലെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ അഭിപ്രായപ്പെട്ടു. പ്രൈവറ്റ് (എയ്ഡഡ്) സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം കൊല്ലം സീ പാലസ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നീതി ആയോഗിന്റെ കണക്കനുസരിച്ച് പൊതുവിദ്യാഭ്യാസ മേഖലയിൽ ഇന്ത്യയിൽ ഒന്നാമതാണ് കേരളം. ഇതിൽ മുഖ്യപങ്ക് വഹിച്ചത് എയ്ഡഡ് സ്കൂളുകളാണ്. സർക്കാർ, എയ്ഡഡ് സ്കൂളുകൾക്ക് കിച്ചൺ കം സ്റ്റോർ നിർമ്മിക്കാൻ ആവശ്യമായ ഫണ്ട് ഉടൻ നൽകാൻ നടപടികളെടുക്കും. കേന്ദ്ര വിദ്യാഭ്യാസ നയം കേരളത്തിൽ നടപ്പാക്കുമ്പോൾ ആവശ്യമായ ചർച്ചകൾ നടത്തി കേരളത്തിന്റെ വിദ്യാഭ്യാസ നയത്തിനനുസരിച്ച് വേണ്ട മാറ്റങ്ങൾ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി മണി കൊല്ലം മുഖ്യ പ്രഭാഷണം നടത്തി ജില്ലാ പ്രസിഡന്റ് കല്ലട ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എ മാരായ എം.നൗഷാദ്, കോവൂർ കുഞ്ഞുമോൻ, ജി.എസ്.ജയലാൽ എന്നിവർ മുഖ്യാതിഥികളായിരുന്നു. ജില്ലാ ജനറൽ സെക്രട്ടറി വി.വി.ഉല്ലാസ് രാജ് പ്രവർത്തന റിപ്പോർട്ടും വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. സംസ്ഥാന ഭാരവാഹികളായ രാധാകൃഷ്ണൻ പാലക്കാട്, അരവിന്ദൻ കോഴിക്കോട്, തോമസ് കോശി, കെ. ഗുലാബ് ഖാൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ പി.പ്രകാശ് കുമാർ, ആർ.പത്മഗിരീഷ്, റെക്സ് വെളിയം, നൂർ നീസബീഗം, സിബി അലക്സ്, അബ്ദുൾ ഷെരീഫ്, ലക്ഷ്മി കൃഷ്ണ എന്നിവർ സംസാരിച്ചു.