kottiyam-1
കൊല്ലം ബൈപ്പാസ് റോഡിൽ കല്ലുന്താഴത്ത് ലോറിയിൽ ചാക്കുകളിലാക്കി കൊണ്ടുന്ന പാൻമസാല പൊലീസ് പിടിച്ചെടുത്തപ്പോൾ. അറസ്റ്റിലായ ലോറി ഡ്രൈവർ പ്രമോദാണ് ലോറിയിൽ മദ്ധ്യഭാഗത്ത് (കാവിമുണ്ട് ഉടുത്തു നിൽക്കുന്നയാൾ)

കൊട്ടിയം: ആലപ്പുഴയിലെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ബൈപാസ് റോഡിൽ കല്ലുന്താഴം ഭാഗത്ത് കിളികൊല്ലൂർ പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ, ലോറികളിൽ കൊണ്ടുവന്ന ഒന്നര കോടിയോളം രൂപയുടെ രണ്ടേകാൽ ലക്ഷത്തോളം പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. രണ്ട് ലോറികളിലായി 90 ചാക്കുകളിലാണ് പുകയില ഉത്പന്നങ്ങൾ കൊണ്ടുവന്നത്.
സംസ്ഥാനത്ത് നിരോധിത പുകയില ഉത്പന്നങ്ങളുടെ മൊത്തവ്യാപാരം നടത്തുന്ന സംഘത്തിന്റേതാണ് പിടിച്ചെടുത്ത സാധനങ്ങൾ. മുന്നിൽ വന്ന ലോറി പൊലീസ് പിടികൂടുന്നതു കണ്ട് പിന്നാലെയുള്ള ലോറി ഉപേക്ഷിച്ച് ഡ്രൈവർ രക്ഷപ്പെട്ടു. ആദ്യ ലോറിയുടെ ഡ്രൈവർ തൃശൂർ വേലൂപ്പാടം വരന്തരപ്പള്ളി കണ്ണൂർ പ്രമോദ് (കാടൻ പ്രമോദ്-37) പിടിയിലായി. ഗണേഷ്, ശംഭു, ഹാൻസ് തുടങ്ങിയ ബ്രാൻഡുകളാണ്ചാക്കുകളിൽ ഉണ്ടായിരുന്നത്. ലോറി ഉപേക്ഷിച്ചു രക്ഷപ്പെട്ട ഡ്രൈവറെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പാൻ മസാല കൊടുത്തു വിട്ട മൊത്തവ്യാപാരിയുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചു. തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സ്കൂൾ പരിസരങ്ങളിലും അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളിലും വിതരണം ചെയ്യാനായി കൊണ്ടുപോവുകയായിരുന്നു. ജില്ലയിൽ അടുത്തിടെ പൊലീസ് പിടികൂടുന്ന ഏറ്റവും വലിയ പാൻ മസാല വേട്ടയാണിത്.

സിറ്റി പൊലീസ് കമ്മിഷണർ ടി.നാരായണന്റെ നിർദ്ദേശ പ്രകാരം കൊല്ലം എ.സി.പി ജി.ഡി.വിജയകുമാർ, കിളികൊല്ലൂർ ഐ.എസ്.എച്ച്.ഒ കെ. വിനോദ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കിളികൊല്ലൂർ എസ്.ഐ എ.പി. അനീഷ്., എസ്.ഐ താഹാ കോയ, പി.ആർ.ഒ ജയൻ സക്കറിയ, എ.എസ്.ഐമാരായ സി.സന്തോഷ് കുമാർ, എസ്. സന്തോഷ്, ജിജു, ദിലീപ്, അജോ ജോസഫ്, സി.പി.ഒ രതീഷ് എന്നിവരും അംഗങ്ങളായിരുന്നു.

 ലോറിയും താക്കോലും കാത്തുകിടന്നു!

ലഹരി വസ്തുക്കൾ ചാലക്കുടിയിൽ നിന്നു തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുകയായിരുന്നുവെന്ന് പ്രമോദ് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. ലോറിയുടെയും ലോഡിന്റെയും ഉടമയായ മൊത്തവ്യാപാരിയെ പ്രമോദിന് നേരിട്ട് അറിയില്ല. ചാലക്കുടി ഹൈവേയിൽ ലോറി നിറുത്തിയിട്ടിരിക്കുകയായിരുന്നു. താക്കോൽ വണ്ടിയിലുണ്ടായിരുന്നു. നേരത്തെ ഫോൺ മുഖാന്തിരം നൽകിയ നിർദ്ദേശ പ്രകാരം പ്രമോദ് സ്ഥലത്തെത്തി ലോറിയുമായി തിരുവനന്തപുരം ഭാഗത്തേക്ക് തിരിക്കുകയായിരുന്നു. എത്തിക്കേണ്ട സ്ഥലം ഗൂഗിൾ ലൊക്കേഷൻ വഴി അയച്ചുനൽകിയിരുന്നു. പണം അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു കൊടുക്കുമെന്നും അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം ബാലരാമപുരത്ത് പാൻമസാല ഇറക്കിയ സ്ഥലവും ഇയാൾ പറഞ്ഞു. പച്ചക്കറി ലോറിയെന്ന വ്യാജേനയാണ് ലോറികൾ വന്നത്.