 
പത്തനാപുരം : വിദ്യാർത്ഥിയായ യാത്രക്കാരിയെ രക്ഷിച്ച കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് അഭിനന്ദന പ്രവാഹം. യാത്രയ്ക്കിടെ ശാരീരിക അസ്വസ്ഥതയുണ്ടായ വിദ്യാർത്ഥിനിയെ സമയോചിതമായി ആശുപത്രിയിലെത്തിച്ചാണ് പത്തനാപുരം ഡിപ്പോയിലെ ജീവനക്കാർ മാതൃകയായത്. കണ്ടക്ടർ പത്തനാപുരം മഞ്ചളളൂർ സ്വദേശി വർഗീസ് ശാമുവേലും ഡ്രൈവർ കൊട്ടാരക്കര പളളിക്കൽ സ്വദേശി ഷിബുവുമാണ് ആലപ്പുഴ സ്വദേശിയായ ദേവപ്രിയയുടെ ജീവൻ രക്ഷിച്ചത്.
ഇന്നലെ പുലർച്ചെ അഞ്ച് മണിയോടെ പത്തനാപുരത്ത് നിന്ന് പുറപ്പെട്ട അമൃത മെഡിക്കൽ കോളേജ് ഫാസ്റ്റ് പാസഞ്ചർ ബസിലായിരുന്നു സംഭവം. തിങ്കളാഴ്ച ആയതിനാൽ
പതിവിലും അധികം തിരക്കുണ്ടായിരുന്നു. ബസ് അരൂരിന് അടുത്തപ്പോഴാണ് ആലപ്പുഴയിൽ നിന്ന് കയറിയ വിദ്യാർഥിനിക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായത്. സഹയാത്രികർ വിവരം കണ്ടക്ടറായ വർഗീസ് ശാമുവേലിനെ അറിയിച്ചു. വിദ്യാർത്ഥിനിക്ക് സീറ്റിൽ കിടക്കാനുള്ള സൗകര്യം ചെയ്യുകയും അരൂർ ജംഗ്ഷനിനെ സ്വകാര്യ ആശുപത്രിയിലേക്ക് ബസ് വിടാൻ ഡ്രൈവറായ ഷിബുവിനോട് ആവശ്യപ്പെടുകയും ചെയ്തു. ബസ് അരൂരിലെത്തിയപ്പോൾ തനിക്ക് കുഴപ്പമില്ലന്നും അടുത്ത സ്റ്റോപ്പിലിറങ്ങിക്കോളാമെന്നും വിദ്യാർത്ഥിനി പറഞ്ഞു. ഇതോെ ബസ് യാത്ര തുടർന്നു. എന്നാൽ അരൂർ ടോൾപ്ലാസക്ക് സമീപം എത്തിയപ്പോഴേക്കും വിദ്യാർത്ഥിന് അബോധാവസ്ഥയിലായി. ഉടൻ തന്നെ സഹയാത്രികരുടെ പിന്തുണയോടെ പെൺകുട്ടിയെ ലേക്ക്ഷോർ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. സഹായത്തിനായി ഒരാളെ ആശുപത്രിയിലാക്കിയിട്ട് വിദഗദ്ധ ചികിത്സ ഉറപ്പാക്കിയ ശേഷമാണ് ജീവനക്കാർ മടങ്ങിയത്. വിദ്യാർത്ഥിയുടെ ജീവൻ രക്ഷിക്കാൻ സമയോജിതമായ ഇടപെടൽ നടത്തിയ കണ്ടക്ടറെയും ഡ്രൈവർ ഷിബുവിനെ മന്ത്രി ആന്റണി രാജുവും എം.ഡിയും ഫോണിൽ വിളിച്ച് അഭിനന്ദിച്ചു.