കൊല്ലം: കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികളും അനുബന്ധ തൊഴിലാളികളും യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റി​നു മുന്നിൽ കുടുംബസമേതം ഉപവാസസമരം നടത്തി. വ്യാപാരികളുടെ കാര്യത്തിൽ അധികാരികൾ ചെയ്യുന്നത് ഭരണഘടനാപരമായി നിയമ ലംഘനമാണെന്ന് യു.എം.സി സംസ്ഥാന ട്രഷറർ ടി​.എഫ്.സെബാസ്റ്റ്യൻ ഉപവാസസമരം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
ഇത്തരം വികസന പ്രവർത്തനങ്ങൾ നടത്തുമ്പോൾ അധികാരികൾ എം.പി, എം.എൽ.എ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവരുമായി കൂടിയാലോചനകൾ നടത്താത്തത് ജനാധിപത്യ സംവിധാനത്തിന് ഭൂഷണമല്ലെന്നും വ്യാപാരി സമൂഹം ഉൾപ്പെടുന്ന യു.എം.സി നടത്തുന്ന എല്ലാ പ്രക്ഷോഭങ്ങൾക്കും പിന്തുണ നൽകുന്നുവെന്നും എൻ.കെ.പ്രേമചന്ദ്രൻ എം.പി​ ശബ്ദസന്ദേശത്തിലൂടെ പറഞ്ഞു. സമരം സംസ്ഥാന ട്രഷറർ റ്റി.എഫ്.സെബാസ്റ്റ്യൻ കണ്ണൂർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയും കൊല്ലം ജില്ലാ ചെയർമാനുമായ നിജാംബഷി അദ്ധ്യക്ഷത വഹിച്ചു. സി​.ആർ. മഹേഷ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് ആരോഗ്യ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനിൽ എസ്.കല്ലേലിഭാഗം എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായ ഡി.മുരളീധരൻ, എ.എ.കലാം, റെജി ഫോട്ടോപാർക്ക്, കലയനാട് ചന്ദ്രൻ, ഐ.വി.നെൽസൺ, ഷിഹാൻബഷി, എച്ച്.സലിം, സുബ്രു എൻ.സഹദേവ്, ഷാജഹാൻ പടിപ്പുര, നുജൂം കിച്ചൻഗാലക്‌സി, റൂഷ പി.കുമാർ, ഷെജി ഓച്ചിറ, നൗഷാദ് പാരിപ്പള്ളി, കെ. സുനിൽകുമാർ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ ആസ്റ്റിൻബെന്നൻ സ്വാഗതവും ജില്ലാ ട്രഷറർ കെ.സരസചന്ദ്രൻപിള്ള നന്ദി പറഞ്ഞു. തുടർന്ന് നേതാക്കൾ കളക്ടർക്ക് നിവേദനം നൽകി​. വ്യാപാരികളുടെ ആശങ്കകൾക്ക് പരിഹാരം കാണുമെന്ന് കളക്ടർ ഉറപ്പു നൽകി​.