corperation
നഗരസഭ

മാർച്ച് 31ന് മുമ്പ് പൂർത്തിയാകാത്ത പദ്ധതികൾക്ക് കേന്ദ്ര വിഹിതമില്ല

കൊല്ലം: അമൃത് പദ്ധതി നടത്തിപ്പിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന കൊല്ലം കോർപ്പറേഷന് അമൃത് ഉന്നതാധികാര സമിതിയുടെ അന്ത്യശാസനം. അമൃത്-2 ന്റെ നടപടികൾ ആരംഭിച്ച സാഹചര്യത്തിൽ മാർച്ച് 31ന് മുൻപ് പൂർത്തിയാകാത്ത പദ്ധതികൾക്ക് കേന്ദ്ര വിഹിതം ലഭിക്കില്ലെന്നാണ് മുന്നറിയിപ്പ്. 31ന് ശേഷം പദ്ധതികളുമായി മുന്നോട്ടു പോകുകയാണെങ്കിൽ തുക സംസ്ഥാന സർക്കാരും നഗരസഭയും തുല്യമായി വഹിക്കേണ്ടി വരും.

അമൃത് പദ്ധതിയുടെ 60 ശതമാനം തുക കേന്ദ്ര വിഹിതമാണ്. 30 ശതമാനം സംസ്ഥാന സർക്കാരും 10 ശതമാനം കോർപ്പറേഷനുമാണ് വഹിക്കുന്നത്. പദ്ധതി നടപ്പാക്കൽ ഇനിയും വൈകിയാൽ കരാറാകാത്ത പദ്ധതികളുടെ കേന്ദ്ര വിഹിതം വെട്ടിച്ചുരുക്കാൻ സാദ്ധ്യതയുണ്ട്.

ഈമാസം ആദ്യം ചേർന്ന അമൃത് സംസ്ഥാനതല ഉന്നതാധികാര സമിതി യോഗത്തിൽ മിഷൻ ഡയറക്ടർ പദ്ധതികൾ ഇഴയുന്നതിനെക്കുറിച്ച് നഗരസഭ സെക്രട്ടറിയോട് വിശദീകരണം ആരാഞ്ഞു. മലിനജല സംസ്കരണം, നഗരഗതാഗതം എന്നീ വിഭാഗങ്ങളിലെ പദ്ധതികളാണ് ഏറ്റവും കൂടുതൽ ഇഴയുന്നത്. ഏറ്രവും കൂടുതൽ പണം നീക്കിവച്ചിട്ടുള്ളത് (129.09 കോടി) കുടിവെള്ള മേഖലയിലാണ്. ഞാങ്കടവ് കുടിവെള്ള പദ്ധതിയാണ് അതിൽ പ്രധാനം. പദ്ധതിയുടെ വസൂരിച്ചിറയിലെ ട്രീറ്റ്മെന്റ് പ്ലാന്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് കരാറുകാരനുമായി ഉണ്ടായ തർക്കം ഏറെ നാൾ നിർമ്മാണം തടസപ്പെടുത്തി. പിന്നീട് കല്ലടയാറ്റിൽ തടയണ നിർമ്മിക്കുന്നതിലെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് അടുത്തിടെയാണ് കൂടുതൽ തുക അനുവദിച്ചത്.

 അമൃത് രണ്ടിൽ മൂന്നിരട്ടി പണം

അമൃത് രണ്ടിൽ ആദ്യത്തേതിന്റെ മൂന്നിരട്ടി പണം ലഭിക്കാൻ സാദ്ധ്യതയുണ്ട്. 252 കോടിയാണ് ഒന്നിൽ കോർപ്പറേഷന്റെ പദ്ധതിത്തുക. അതുകൊണ്ടുതന്നെ കുറഞ്ഞത് 700 കോടിയെങ്കിലും രണ്ടിൽ ലഭിക്കും. ഇതിന്റെ 55 ശതമാനം തുക എല്ലാ വീടുകളിലും കുടിവെള്ള കണക്ഷൻ എത്തിക്കുന്നതിനാണ്. 45 ശതമാനം തുക എല്ലാ വീടുകളിലും മലിനജല, കക്കൂസ് മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിനോ പ്ലാന്റുകളുമായി ബന്ധപ്പെടുത്താനോ ആയിരിക്കും. ശേഷിക്കുന്ന അഞ്ച് ശതമാനം തുക ജലാശയങ്ങളുടെയും പൊതുഇടങ്ങളുടെയും പുനരുദ്ധാരണത്തിനാണ്. പദ്ധതിയുടെ പുരോഗതി അനുസരിച്ച് മാത്രമേ കേന്ദ്രവിഹിതം ലഭിക്കു.

............................................

 ₹ 253.45 കോടി: അമൃത് ഒന്നിൽ ലഭിച്ച തുക

 ₹ 175.50 കോടി: കരാർ ഒപ്പുവച്ച തുക

 ₹ 77.95 കോടി: നഷ്ടമാവാൻ സാദ്ധ്യതയുള്ള തുക

................................................

₹ 700 കോടി: അമൃത് രണ്ടിൽ ലഭിക്കാൻ സാദ്ധ്യതയുള്ള തുക