കൊല്ലം: നഗരത്തിൽ ലക്ഷങ്ങൾ ചെലവാക്കി നിർമ്മിച്ച കാൽനട മേൽപ്പാലങ്ങളിൽ യാത്രക്കാരെ 'പരീക്ഷിച്ച്' അധികൃതർ. രണ്ടിടത്ത് കുത്തനെയുള്ള പടികളാണ് ബുദ്ധിമുട്ടുണ്ടാക്കുന്നതെങ്കിൽ മറ്റൊരിടത്ത് യാത്രക്കാർക്കായി പാലം തുറന്ന് നൽകാൻ പോലും അധികൃതരാക്കായിട്ടില്ല.
അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഹൈസ്‌കൂൾ ജംഗ്‌ഷൻ, ചെമ്മാൻമുക്ക്, കോൺവെന്റ് ജംഗ്‌ഷൻ എന്നിവിടങ്ങളിൽ കാൽനട മേൽപ്പാലങ്ങൾ നിർമ്മിച്ചത്. കോൺവെന്റ് ജംഗ്‌ഷനിൽ നിർമ്മിച്ച മേൽപ്പാലം പൂർത്തീകരിച്ചെങ്കിലും ആർക്കും കയറാനോ സുരക്ഷിതമായി റോഡ് മുറിച്ചു കടക്കാനോ ഉപയോഗിക്കാൻ കഴിഞ്ഞിട്ടില്ല. വൈദ്യുതീകരണം പൂർത്തിയാക്കാനുള്ള കാലതാമസമാണ് കാരണമായി അധികൃതർ പറയുന്നത്. മറ്റുപണികൾ പൂർത്തിയാക്കുകയും പെയിന്റിംഗ് നടത്തുകയും ചെയ്തിട്ട് മാസങ്ങൾ പിന്നിട്ടിട്ടും വൈദ്യുതീകരണത്തിന് മാത്രം നടപടി ആയിട്ടില്ല.
പകൽ സമയങ്ങളിൽ റോഡ് മുറിച്ചുകടക്കാൻ പാലത്തിൽ വൈദ്യുതിയുടെ ആവശ്യം ഇല്ലെന്നിരിക്കെ നാട്ടുകാരെ വെല്ലുവിളിക്കുകയാണ് അധികൃതർ. മേൽപ്പാലം ഒഴിവാക്കി യാത്രക്കാർ റോഡ് മുറിച്ചുകടക്കുന്നതിനാൽ പോയിന്റ് ഡ്യൂട്ടിയിലുള്ള ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർക്കും തലവേദന സൃഷ്ടിക്കുന്നുണ്ട്. ഗതാഗത നിയന്ത്രണത്തിനൊപ്പം റോഡ് മുറിച്ചുകടക്കുന്നവരുടെ സുരക്ഷയും ഉറപ്പാക്കേണ്ട ഉത്തരവാദിത്തം കൂടി ട്രാഫിക് പൊലീസിന്റെ തലയിലായിട്ടുണ്ട്.
.....................................
# കച്ചവടക്കാരുടെ പാലം
തൊട്ടടുത്തുള്ള വിദ്യാലങ്ങളിലും സർക്കാർ ആശുപത്രിയിലും എത്തുന്നവർക്ക് സുഗമമായി റോഡ് മുറിച്ചുകടക്കാനാണ് പാലം നിർമ്മിച്ചത്. എന്നാൽ പാലം ഇപ്പോൾ പഴം, പച്ചക്കറി വില്പനക്കാർ കൈയടക്കി കഴിഞ്ഞു. പാലത്തിൽ കയറണമെങ്കിൽ ഇവരുടെ അനുവാദം വേണമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഇവരുടെ പഴം പച്ചക്കറി പെട്ടികൾ സൂക്ഷിക്കുന്നതും മേൽപ്പാലത്തിന്റെ പടികളിലാണ്.
# കുത്തനെയുള്ള പാലങ്ങൾ
ഹൈസ്‌കൂൾ ജംഗ്‌ഷൻ, ചെമ്മാൻമുക്ക് എന്നിവിടങ്ങളിൽ നഗരസഭ നിർമ്മിച്ച മേൽപ്പാലങ്ങളിൽ പടികൾ കുത്തനെയുള്ളതായതിനാൽ വയോധികരായ യാത്രക്കാർക്ക് ഉപയോഗിക്കാനാവാത്ത അവസ്ഥയുണ്ട്. ഇരുവശങ്ങളിലുമായി കുത്തനെയുള്ള അറുപതിലധികം പടികളുണ്ട്. ലക്ഷങ്ങൾ പാഴാക്കിയ പദ്ധതിയുടെ സ്മാരകമായി നഗരത്തിലെ കാൽനട മേൽപ്പാലങ്ങൾ മാറിയിരിക്കുകയാണ്.
# കാൽനട മേൽപ്പാലങ്ങൾ
1. കോൺവെന്റ് ജംഗ്‌ഷൻ: 66 ലക്ഷം
നീളം: 31 മീറ്റർ, സ്റ്റീൽ പടികൾ
2. ചെമ്മാൻമുക്ക്: 79 ലക്ഷം
നീളം: 26 മീറ്റർ, കോൺക്രീറ്റ് പടികൾ
3. ഹൈസ്‌കൂൾ ജംഗ്‌ഷൻ: 56 ലക്ഷം
നീളം: 22 മീറ്റർ, കോൺക്രീറ്റ് പടികൾ