
തഴവ : കരുനാഗപ്പള്ളിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്ന കാര്യത്തിൽ സർക്കാരിന്റെ അടിയന്തര ശ്രദ്ധവേണമെന്ന ആവശ്യം ശക്തമാകുന്നു. കരുനാഗപ്പള്ളി, തഴവ, ഓച്ചിറ, അഴീക്കൽ പഞ്ചായത്തുകളിലെ മിക്ക സർക്കാർ സ്ക്കുളുകളിലും കുട്ടികൾക്ക് അനായാസം അദ്ധ്യായനം നടത്താൻ കഴിയാത്ത സ്ഥിതിയാണുള്ളത്.
കൊവിഡ് പ്രതിസന്ധി പൂർണ്ണമായി ഒഴിവാകുകയും പ്രവർത്തനം സാധാരണ നിലയിലേക്ക് മടങ്ങിയെത്തുകയും ചെയ്താൽ പല വിദ്യാലയങ്ങളിലും കുട്ടികളെ നിലത്തിരുത്തി പഠിപ്പിക്കേണ്ട ഗതികേടാണുള്ളത്.
കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി സ്കൂളിന്റെ ഭൗതിക സൗകര്യം വർദ്ധിപ്പിക്കണമെന്ന ലക്ഷ്യത്തോടെ 2020-2021ലെ സംസ്ഥാന ബഡ്ജറ്റിൽ പതിനഞ്ച് കോടി എൺപത്തിയഞ്ച് ലക്ഷം രൂപ സ്ക്കൂൾ കെട്ടിടങ്ങൾക്കായി വകയിരുത്തിയിരുന്നു.
ഈ വകയിൽ തഴവ ഗവ. എൽ.പി.സ്ക്കൂളിന് 35 ലക്ഷവും മരുതൂർകുളങ്ങര എൽ.പി സ്കൂൾ, കരുനാഗപ്പള്ളി ടൗൺ എൽ.പി.സ്ക്കൂൾ എന്നിവയ്ക്ക് ഓരോ കോടി വീതവും ഓച്ചിറ മഠത്തിൽ കാരാഴ്മ എൽ.പി.സ്ക്കൂളിന് 50 ലക്ഷവും അഴീക്കൽ ഹൈസ് സ്കൂളിന് ഒരു കോടി രുപയും സർക്കാർ അനുവദിച്ചിരുന്നു.
പദ്ധതി അനുസരിച്ച് ഓരോ സ്ക്കുളും എസ്റ്റിമേറ്റ് നടപടികൾ പൂർത്തിയാക്കി. എന്നാൽ അത് പദ്ധതി തുകയേക്കാൾ പന്ത്രണ്ട് മുതൽ ഇരുപത് ശതമാനം വരെ വർദ്ധിച്ച അവസ്ഥയാണ്.
ഇതോടെ അനുവദിച്ച തുക ഉപയോഗിക്കാനും കഴിയാത്ത ദുരവസ്ഥയിലാണ് സ്കൂൾ അധികൃതർ.
നിലവിലെ എസ്റ്റിമേറ്റ് തുകയും പദ്ധതി തുകയും തമ്മിലുള്ള അന്തരം സംബന്ധിച്ച റിപ്പോർട്ട് പൊതുവിദ്യാഭ്യാസ വകുപ്പിന് നൽകിയെങ്കിലും ഫണ്ടില്ലെന്നാണ് പി.ഡബ്ലിയു.ഡി അധികൃതരുടെ മറുപടി.
കൊവിഡ് ഉൾപ്പടെയുള്ള പ്രതിസന്ധികളാണ് എസ്റ്റിമേറ്റ് നടപടികൾ വൈകാൻ കാരണമായത്. തുക അനുവദിച്ച് ഒരു വർഷം കഴിഞ്ഞിട്ടും ഇത് ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാത്തത് ദയനീയമാണ്. എം.എൽ.എ ഉൾപ്പടെയുള്ളവർ ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ നടത്തണം.
സലീം അമ്പീത്തറ, കൺവീനർ, സ്കൂൾ സംരക്ഷണ സമിതി,
കുതിരപ്പന്തി ഗവ. എൽ.പി.എസ്.