 
പുനലൂർ: പുനലൂർ, ആര്യങ്കാവ് കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ നിന്ന് മൂന്ന് ദീർഘദൂര ബസ് സർവീസുകൾ ആരംഭിച്ചു. പുനലൂർ ഡിപ്പോയിൽ നിന്ന് പാലക്കാട്, പെരിന്തൽമണ്ണ എന്നിവിടങ്ങളിലേക്ക് സൂപ്പർ ഫാസ്റ്റ് സർവീസുകളും, ആര്യങ്കാവിൽ നിന്ന് എറണാകുളം ഫാസ്റ്റ് പാസഞ്ചർ ബസ് സർവീസുമാണ് ആരംഭിച്ചത്. സെപ്റ്റംബറിൽ മന്ത്രി ആന്റണി രാജു പുനലൂർ ഡിപ്പോ സന്ദർശിച്ചപ്പോൾ പി.എസ്.സുപാൽ എം.എൽ.എക്ക് നൽകിയ ഉറപ്പിനെത്തുടർന്നാണ് ബസ് സർവീസ് അനുവദിച്ചത്. ബസ് സർവീസുകളുടെ ഫ്ളാഗ് ഒഫ് എം.എൽ.എ നിർവഹിച്ചു. പുനലൂർ യൂണിറ്റിനെ ഡിപ്പോ പദവിയിലേക്ക് ഉയർത്തിയതിന്റെ ഉത്തരവ് അദ്ദേഹം ഉദ്യോഗസ്ഥർക്ക് കൈമാറി. ഓൺ ലൈൻ റിസർവേഷൻ കൗണ്ടറിന്റെ പ്രവർത്തനോദ്ഘാടനവും എം.എൽ.എ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ഉപാദ്ധ്യക്ഷൻ വി.പി.ഉണ്ണികൃഷ്ണൻ, കൗൺസിലറൻമാരായ പ്രിയ പിളള, അഖില സുധാകരൻ, സി.പി.എം ഏരിയ സെക്രട്ടറി എസ്.ബിജു, സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം കെ.രാധാകൃഷ്ണൻ, എ.ടി.എ. ജയകുമാർ തുടങ്ങിയവർ സംസാരിച്ചു.