photo
മന്ത്രി കെ.എൻ.ബാലഗോപാൽ പുനലൂർ എസ്.എൻ കോളേജിൽ കാർട്ടൂൺ വരയ്ക്കുന്നു

കൊല്ലം: കലാലയ മുറ്റത്തെ കാൻവാസ് കണ്ടപ്പോൾ മന്ത്രി കെ.എൻ.ബാലഗോപാൽ പഴയ കാർട്ടൂണിസ്റ്റായി! പിന്നെ വര തുടങ്ങി. സഹപാഠികളും മറ്റുള്ളവരും ആവേശത്തോടെ കണ്ണ് കൂർപ്പിച്ചു. പുനലൂർ ശ്രീനാരായണ കോളേജിലെത്തിയ കെ.എൻ.ബാലഗോപാലിന് ഇഷ്ടനിമിഷങ്ങളായി കാർട്ടൂൺ രചന മാറുകയായിരുന്നു. 1980-83 കാലയളവിലാണ് കെ.എൻ.ബാലഗോപാൽ ഇവിടെ പഠിച്ചത്. കോളേജിലെ കാർട്ടൂൺ ക്ളബ്ബിന്റെ കൺവീനറുമായിരുന്നു. പഠനത്തിൽ മുഴുകുമ്പോഴും എസ്.എഫ്.ഐയുടെ സജീവ പ്രവർത്തകനായിരിക്കുമ്പോഴും കാർട്ടൂൺ വരയ്ക്കാൻ അദ്ദേഹം സമയം കണ്ടെത്തിയിരുന്നതായി സുഹൃത്തുക്കൾ ഓർത്തു. ക്ളാസിലിരുന്ന് നോട്ടുബുക്കിലും പിന്നെ ചുവരുകളിലുമൊക്കെ വരച്ച കാർട്ടൂണുകൾ ഒരുപാട് ചിരിപടർത്തിയിട്ടുണ്ട്. ആ പഴയകാലത്തിന്റെ ചിരിയോർമ്മയായി കാർട്ടൂൺ വരമാറുകയായിരുന്നു. പൂർവ വിദ്യാർത്ഥി സംഘടനയുടെ ക്ഷണം സ്വീകരിച്ചെത്തിയ ബാലഗോപാൽ കാൻവാസ് കണ്ടതോടെ കാർട്ടൂൺ വരയ്ക്കാൻ തയ്യാറായി. ആവേശത്തോടെ മുദ്രാവാക്യം വിളിച്ചെത്തിയ വിദ്യാർത്ഥി യൂണിയൻ പ്രവർത്തകരും നിശബ്ദരായി ആ വര കണ്ടു. ചിത്രം പൂർത്തിയായതോടെ എല്ലാവരും കൈയ്യടിച്ചു. തുടർന്നായിരുന്നു വേദിയിലെ സ്വീകരണ പരിപാടികൾ. ചടങ്ങുകൾ കഴിഞ്ഞിട്ടും പഴയ കൂട്ടുകാരോട് കുശലം പറഞ്ഞും സെൽഫിയെടുത്തും പിന്നെയും സമയം നീണ്ടു. ഉച്ചഭക്ഷണത്തിന് ശേഷം ഓർമ്മമരവും നട്ട് മന്ത്രി മടങ്ങിയിട്ടും

മിക്കവരുടെയും ശ്രദ്ധ കാൻവാസിലെ കാർട്ടൂണിൽ തന്നെ തങ്ങിനിന്നു.

കുട്ടിക്കാലത്തേ

കൂടെയുണ്ട് ചിരിവര

കുട്ടിക്കാലത്ത് ബാലഗോപാലിന് ചിത്രകഥകളും കാർട്ടൂണുകളുമായിരുന്നു ഇഷ്ടം. ചിത്രകഥയിലെ കഥാപാത്രങ്ങൾ കണ്ട് മനസിലാക്കിയ ശേഷം അതുപോലെ വരച്ചായിരുന്നു തുടക്കം. പതിയെപ്പതിയെ അത് കാർട്ടൂൺ രചനയിലേക്കുള്ള വഴിയായി മാറി. ബിരുദ പഠനകാലത്ത് പുനലൂർ എസ്.എൻ കോളേജിലെ മാഗസിൻ എഡിറ്ററായിരുന്നു. അന്ന് മാഗസിനിൽ ഇടം നേടിയ ബാലഗോപാലിന്റെ കാർട്ടൂൺ ചിരിക്കാനും ചിന്തിക്കാനും വക നൽകി. എസ്.എഫ്.ഐയിലൂടെ ഡി.വൈ.എഫ്.ഐയിലൂടെ സി.പി.എമ്മിന്റെ സംസ്ഥാന നേതാവായി മാറിയപ്പോഴും,​ മന്ത്രിയായപ്പോഴും കാർട്ടൂണിനെ മന്ത്രി കൈവിട്ടില്ല. ഒരു പേനയും പേപ്പറും മതി വര തെളിയാൻ. പാർട്ടി സമ്മേളന വേദികളിലിരുന്ന് പണ്ട് വരച്ചതൊക്കെ നേതാക്കൾക്കുൾപ്പടെ നന്നേ രസിച്ചിട്ടുണ്ട്. രാഷ്ട്രീയ നേതാക്കളാണ് ബാലഗോപാലിന്റെ വരകൾക്ക് കൂടുതലും കഥാപാത്രങ്ങളാകുന്നത്.