
കൊല്ലം: കൊട്ടാരക്കര നഗരസഭയിലും നെടുവത്തൂർ ഗ്രാമപഞ്ചായത്തിലും പൊതുശ്മശാനങ്ങൾ വരുന്നു. ഇതിനുള്ള പദ്ധതി തയ്യാറായി. പൊതുശ്മശാനത്തിന്റെ അഭാവത്താൽ ബുദ്ധിമുട്ടുന്ന ഏറെ കുടുംബങ്ങളുണ്ട് ഈ പ്രദേശത്ത്. കോളനിവാസികൾ അടുക്കള പൊളിച്ച് മൃതദേഹം സംസ്കരിച്ച സംഭവങ്ങൾ പോലും ഉണ്ടായിട്ടുണ്ട്. അനാഥാലയങ്ങളിലെ അന്തേവാസികൾ മരിക്കുമ്പോൾ കിലോമീറ്ററുകൾ താണ്ടി കൊല്ലത്തെ പൊതുശ്മശാനത്തിൽ കൊണ്ടുപോകേണ്ട സ്ഥിതിയായിരുന്നു. കഴിഞ്ഞ മാസം നെല്ലിക്കുന്നത്ത് നാടോടി ബാലൻ വെള്ളത്തിൽ മുങ്ങിമരിച്ചപ്പോഴും സംസ്ക്കാരത്തിന് പൊതുസ്ഥലം അനുവദിച്ചത് ശ്രമകരമായിട്ടാണ്. ഇത്തരം സംഭവങ്ങളെത്തുടർന്ന് പൊതുശ്മശാനം വേണമെന്ന് കൊട്ടാരക്കരയിലും നെടുവത്തൂരിലും കാലങ്ങളായി പൊതുസമൂഹം ആവശ്യപ്പെടുന്നുണ്ട്. ഇടയ്ക്ക് നെടുവത്തൂർ പഞ്ചായത്ത് ശ്മശാനം സ്ഥാപിക്കാൻ സ്ഥലം അന്വേഷിച്ചപ്പോൾ ചില്ലറ എതിർപ്പുകളുണ്ടായി. കൊട്ടാരക്കരയും ഇക്കാര്യത്തിൽ മുന്നോട്ടുവച്ച കാൽ പിന്നോട്ടെടുക്കേണ്ടി വന്നിരുന്നു. എന്നാലിപ്പോൾ ശ്മശാനം വേണമെന്ന കാര്യത്തിൽ കൂടുതൽ അഭിപ്രായങ്ങൾ ഉയരുകയും ജനപ്രതിനിധികൾ മുൻകൈയെടുത്ത് പദ്ധതി തയ്യാറാക്കുകയുമായിരുന്നു.
ഉഗ്രൻകുന്നിൽ
ഹൈടെക് ശ്മശാനം
കൊട്ടാരക്കര നഗരസഭയുടെ മാലിന്യ സംസ്കരണ സംവിധാനങ്ങൾ റെയിൽവേ സ്റ്റേഷന് സമീപത്തെ ഉഗ്രൻകുന്ന് പ്രദേശത്താണ്. ഇതിന് സമീപത്തായാണ് അത്യാധുനിക നിലവാരമുള്ള ശ്മശാനം നിർമ്മിക്കുന്നത്. സ്ഥലം കണ്ടെത്തിയതോടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ തുടങ്ങും. 50 ലക്ഷം രൂപയാണ് പൊതുശ്മശാനത്തിനായി അനുവദിച്ചിട്ടുള്ളത്. പ്രദേശവാസികളുടെ ആശങ്കകൾ അകറ്റി പൂന്തോട്ടം അടക്കമുള്ള സംവിധാനങ്ങളോടെ അത്യാധുനിക രീതിയിലുള്ള ശ്മശാനമാണ് നിർമ്മിക്കുന്നതെന്ന് നഗരസഭ ചെയർമാൻ എ.ഷാജു അറിയിച്ചു.
പുല്ലാമലയിൽ ജില്ലാ
പഞ്ചായത്തിന്റെ പദ്ധതി
നെടുവത്തൂർ ഗ്രാമപഞ്ചായത്തിലെ പുല്ലാമലയിൽ ജില്ലാ പഞ്ചായത്തിന്റെ ചുമതലയിലാണ് പൊതുശ്മശാനം നിർമ്മിക്കുന്നത്. ഇതിനായി ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള രണ്ടേക്കർ ഭൂമിയിൽ നിന്ന് 50 സെന്റ് ഭൂമിയാണ് ഇതിനായി വിട്ടുനൽകുന്നത്. ഇവിടെയും പൂന്തോട്ടം അടക്കമുള്ള സംവിധാനങ്ങളൊരുക്കും. ശ്മശാനത്തിന്റെ ബുദ്ധിമുട്ടുകൾ പൊതുസമൂഹത്തിന് ഉണ്ടാകാത്ത വിധത്തിലാണ് ക്രമീകരണം. ചുറ്റുമതിൽ കെട്ടി സംരക്ഷിക്കും. നടപടിക്രമങ്ങൾ പൂർത്തീകരണ ഘട്ടത്തിലാണെന്നും ഉടൻ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമിടുമെന്നും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമാലാൽ അറിയിച്ചു.