 
കരുനാഗപ്പള്ളി: പള്ളിക്കലാറിനെ പൂർവ്വകാല പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരാൻ ജോൺ എഫ്. കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ നടപ്പിലാക്കുന്ന ഓർമ്മകളുറങ്ങുന്ന പള്ളിക്കലാർ ക്യാമ്പയിന് തൊടിയൂർ യു.പി.എസിൽ തുടക്കമായി. പള്ളിക്കലാറിനെക്കുറിച്ചും അതിന്റെ പ്രവാഹവഴികളെക്കുറിച്ചും പരിസ്ഥിതി ക്ലബ്ബ് വിദ്യാർത്ഥികൾ തയ്യാറാക്കിയ ഓർമ്മകളുറങ്ങുന്ന പള്ളിക്കലാർ എന്ന ജല ചരിത്ര പുസ്തകം കുട്ടികൾക്ക് വിതരണം ചെയ്തു. പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളായ പി.എസ്. അഭിജിത് , അമൃത കൃഷ്ണ എന്നിവർ ക്ലാസ്സെടുത്തു.
കേരള യൂത്ത് പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ആരംഭിച്ച ക്ലീൻ പള്ളിക്കലാർ ചലഞ്ച് പദ്ധതി പ്രകാരം പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പടെ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഇനിയുള്ള നാളുകളിൽ നദിയെ സംരക്ഷിക്കുന്നതിനുള്ള ശ്രമം ഉണ്ടാകുമെന്ന് കുട്ടികൾ പ്രതിജ്ഞയെടുത്തു. തൊടിയൂർ യു.പി.എസ് പി. ടി. എ പ്രസിഡന്റ് കീർത്തിയിൽ ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. കെന്നഡി സ്കൂൾ മാനേജർ മായാ ശ്രീകുമാർ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ബിന്ദു, ഹെഡ്മാസ്റ്റർ മുർഷിദ് ചിങ്ങോലിൽ, സിറിൾ മാത്യു, അദ്ധ്യാപകരായ വൈ.ജിജി , ബിനോയ് കല്പകം, എസ്. ചിത്ര, സപ്ന, സബിത, അനിൽ ചന്ദ്രൻ, കോ-ഓർഡിനേറ്റർ സുധീർ ഗുരുകുലം തുടങ്ങിയവർ പങ്കെടുത്തു.