ajmal-

കൊല്ലം: ദേഹത്ത് ബൈക്ക് തട്ടിയത് ചോദ്യം ചെയ്തതിനെ തുടർന്ന് യുവാവിനെ ആക്രമിച്ച ശേഷം ഒളിവിലായിരുന്നയാളെ പൊലീസ് പിടികൂടി. തഴുത്തല പേരയം കാക്കട്ടുവയലിൽ ഇസ്ലാം ഹിഫ്‌ളാ കോളേജിന് കിഴക്ക് ചരുവിള പുത്തൻവീട്ടിൽ അജ്മൽ (20) ആണ് പിടിയിലായത്. ഇയാൾ തഴുത്തല ഗണപതി ക്ഷേത്ര ഉത്സവത്തിന് യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്.

കഴിഞ്ഞ 10ന് രാവിലെ കൊട്ടിയം മൈലാപ്പൂര് ചന്തമുക്കിന് സമീപമുളള യുവസംഗമം ക്ലബ്ബിന് മുന്നിലാണ് സംഭവം. കുട്ടികളുടെ ഫുട്‌ബോൾ മത്സരം കണ്ടു കൊണ്ടിരുന്ന പേരയം സ്വദേശി ബൈജുവിന്റെ ദേഹത്ത് അജ്മൽ ഓടിച്ച ബൈക്ക് തട്ടുകയും നോക്കി ഓടിക്കാൻ പറഞ്ഞതിനെ തുടർന്ന് പ്രകോപിതനായി കൈവശമുണ്ടായിരുന്ന താക്കോൽ കൊണ്ട് മുഖത്ത് ഇടിക്കുകയുമായിരുന്നു, കണ്ണിന് ഗുരുതര പരിക്കേ​റ്റ ബൈജു കൊല്ലത്തെ സ്വകാര്യ നേത്ര ചികിത്സാ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം കണ്ണാശുപത്രിയിലും ചികിത്സ തേടി. പിന്നീട് ഒളിവിൽ പോയ ഇയാളെ കഴിഞ്ഞദിവസം കൊട്ടിയത്തിന് സമീപം വച്ച് പിടികൂടുകയായിരുന്നു.

കൊട്ടിയം ഇൻസ്‌പെക്ടർ എം.സി. ജിംസ്​റ്റലിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ പി.ഡി. അനീഷ് മോൻ, എസ്. ഷിഹാസ്, എ.എസ്.ഐ സുനിൽകുമാർ, എസ്.സി.പി.ഒ ബീന സി.പി.ഒമാരായ പ്രശാന്ത്, ജാസീം, ദിലീപ് റോയി എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.