കൊട്ടാരക്കര: ക്ഷേത്രത്തിലെ വിളക്കുകൾ മോഷ്ടിച്ചവർ പിടിയിൽ. തലച്ചിറ മടന്തകുഴി തെക്കേക്കര പുത്തൻവീട്ടിൽ നിസാമുദ്ദീൻ(39), പിടവൂർ പിരിയൻപുന്ന വീട്ടിൽ(സുനിൽഭവൻ) സുനിൽ(40) എന്നിവരെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. പത്തനാപുരം പിടവൂർ പെരുത്തുമാല അപ്പൂപ്പൻകാവിൽ നിന്നാണ് ഓട്ടുവിളക്കുകൾ ഇവർ മോഷ്ടിച്ചത്. 20ന് അർദ്ധരാത്രിയിൽ തലച്ചിറയിൽ വാഹനപരിശോധന നടത്തിയ വാളകം എയ്ഡ് പോസ്റ്റിലെ പൊലീസുകാരാണ് സംശയകരമായ സാഹചര്യത്തിൽ കണ്ട ഓട്ടോറിക്ഷയിൽ നിന്ന് ഓട്ടുവിളക്കുകൾ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നിസാമുദ്ദീനെ കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് മോഷണത്തിലെ സഹായിയായ സുനിലിന്റെ വിവരങ്ങൾ അറിഞ്ഞതും കസ്റ്റഡിയിലെടുത്തതും. നിസാമുദ്ദീൻ മുമ്പും മോഷണക്കേസുകളിൽ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.