കൊല്ലം: മുൻ മുഖ്യമന്ത്രിയും എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ ട്രസ്റ്റിന്റെയും സാരഥിയുമായിരുന്ന ആർ. ശങ്കറിന് ജന്മനാടായ പുത്തൂരിൽ സ്മാരകം നിർമ്മിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ഈഴവ മുന്നേറ്റ സമിതി സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

ഈഴവർ അടക്കമുള്ള പിന്നാക്ക ജനവിഭാഗങ്ങളുടെ മുന്നേറ്റത്തിനായി ഉഴിഞ്ഞുവച്ചതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. വിദ്യാഭ്യാസ മേഖലയിൽ വലിയ വിപ്ലവത്തിനാണ് അദ്ദേഹം തുടക്കമിട്ടത്. ഈ സംഭാവനകളെക്കുറിച്ചുള്ള ഓർമ്മകളും ചർച്ചകളും നിലനിർത്തുന്നതിന് ആർ. ശങ്കറിന്റെ പേരിൽ സാംസ്കാരിക നിലയം അനിവാര്യമാണെന്നും യോഗം അഭിപ്രായപ്പെട്ടു.

പോളയത്തോട് ഭാരത് ബിൽഡിംഗിൽ നടന്ന സംസ്ഥാന സമിതി യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് വക്കം മനോജ് ആദ്ധ്യക്ഷത വഹിച്ചു. ദീപ തട്ടാമല, കൊല്ലം കുമാർ, സുധാകരൻ, ഷാജി, ബിനുകുമാർ തുടങ്ങിയവർ സംസാരിച്ചു.