f

 ഇക്കോ ബ്രിക്സ് തയ്യാറാക്കുന്നത് പത്തംഗം കുട്ടിസംഘം

കൊല്ലം: പ്ളാസ്റ്റിക് മാലിന്യം കുപ്പിയിലാക്കി പ്രകൃതിദത്ത ഇഷ്ടികകൾ (ഇക്കോ ബ്രിക്സ്) തയ്യാറാക്കി ചെറിയ നിർമ്മാണ പ്രവർത്തനങ്ങൾക്ക് സജ്ജമാക്കുകയാണ് കൊല്ലം ഉളിയക്കോവിൽ നിത്യപ്രഭാ നഗർ റസിഡൻസ് അസോസിയേഷനിലെ കുട്ടികൾ. ഇതുവരെ 300 കുപ്പി ഇഷ്ടികകൾ ഇവർ തയ്യാറാക്കി. 180 ഇഷ്ടികകൾ ഉപയോഗിച്ച് പ്രശാന്തി നഗർ കാവ്യത്തിൽ സന്തോഷ് കുമാറിന്റെ വീട്ടുവളപ്പിലെ തണൽമരച്ചുവട്ടിൽ ഇരിപ്പിടവുമൊരുക്കി.

കോലഞ്ചേരിയിലെ ഒരു വൃദ്ധസദനത്തിനായി തയ്യാറാക്കുന്ന പാർക്കിൽ ഇരിപ്പിടമൊരുക്കാൻ നൂറു കട്ടകൾ കഴിഞ്ഞ ദിവസം കൊടുത്തു വിട്ടു. ബാക്കി ഇരുപതോളം കട്ടകൾ കൈവശമുണ്ട്.

ലോകത്തിനാകെ വെല്ലുവിളിയാകുന്ന പ്ളാസ്റ്റിക് മാലിന്യങ്ങൾ ഉറവിടങ്ങളിൽ തന്നെ ഉപയോഗിക്കാവുന്ന പ്രവർത്തനത്തിൽ പങ്കു ചേരുന്നത് പത്തു കുട്ടികളുടെ കൂട്ടായ്മയാണ്. രണ്ടു മുതൽ പ്ളസ് ടു വരെ ക്ളാസുകളിൽ പഠിക്കുന്നവരുണ്ട് കൂട്ടത്തിൽ. വീടുകളിൽ നിന്ന് വലിച്ചെറിയുന്ന മാലിന്യങ്ങൾ ശേഖരിച്ച് കഴുകി ഉണക്കി പ്ളാസ്റ്റിക്ക് കുപ്പികളിൽ നിറയ്ക്കും. 300- 350 ഗ്രാം വരെ പ്ളാസ്റ്റിക്ക് മാലിന്യങ്ങൾ ഒരു കുപ്പിയിൽ നിറയ്ക്കാൻ കഴിയും. കുപ്പി പൊട്ടാതിരിക്കാൻ ചെറിയ ഹോളുകൾ ഇടും. 65 പാൽ കവറുകൾ ഉണ്ടെങ്കിൽ ഒരു കുപ്പി നിറയും.

......................................

 ഒരു വീട്ടിലെ മാലിന്യം കൊണ്ട് ഒരു മാസം മൂന്നു കുപ്പികൾ നിറയ്ക്കാം

 ഒരു വർഷത്തെ മാലിന്യം ശേഖരിച്ച് 36 കുപ്പികളും

 5 വർഷം കൊണ്ട് ഒരു ഇരിപ്പിടം നിർമ്മിക്കാനുളള കുപ്പിക്കട്ടകൾ ഉണ്ടാക്കാം

....................................

 ആശയം ദക്ഷിണാഫ്രിക്കയിൽ നിന്ന്

ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിൽ ഇക്കോ ബ്രിക്സുകൊണ്ട് സ്കൂൾ കെട്ടിടം നിർമ്മിച്ച വാർത്തയാണ് കുട്ടികൾക്ക് പ്രചോദമമായത്. 16,000 കുപ്പികളും 65 ടൺ മാലിന്യങ്ങളും കൊണ്ട് 500 ചതുരശ്രമീറ്റർ സ്കൂൾ കെട്ടിടമാണ് നിർമ്മിച്ചത്. പരിസ്ഥിതി പ്രവർത്തകൻ കൂടിയായ റസിഡൻസ് അസോസിയേഷൻ സെക്രട്ടറി മോഹൻകുമാർ കുട്ടികളുടെ മുന്നിൽ ആശയം അവതരിപ്പിച്ചു. അസോസിയേഷനിലെ മറ്റ് അംഗങ്ങളും കുട്ടികളെ പ്രോത്സാഹിപ്പിച്ചു.

ഇപ്പോൾ സൗജന്യമായാണ് കട്ടകൾ തയ്യാറാക്കി നൽകുന്നത്. ഒരു ബോട്ടിൽ തയ്യാറാക്കുമ്പോൾ 5 രൂപയെങ്കിലും കുട്ടികൾക്ക് നൽകുന്നതിനെപ്പറ്റി ആലോചനയുണ്ട്.

..............................

പഴയ സാരികൾ ഉപയോഗിച്ച് തുണിസഞ്ചികൾ നിർമ്മിച്ചു നൽകുന്ന പ്രവർത്തനത്തിൽ വളരെ നേരത്തെ ഏർപ്പെട്ടിരുന്നു. ഇതിലൂടെ പ്ളാസ്റ്റിക് കാരി ബാഗുകളുടെ ഉപയോഗം കുറയ്ക്കാൻ കഴിഞ്ഞു. ഒട്ടേറെ തയ്യൽ തൊഴിലാളികൾക്ക് തൊഴിൽ ലഭിച്ചു

മോഹൻകുമാർ, സെക്രട്ടറി, നിത്യപ്രഭാ നഗർ റെസിഡൻസ് അസോസിയേഷൻ.