ഓച്ചിറ: ഗൾഫ് മലയാളികളുടെ വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ പ്രവാസി സംഘടനകളുടെ യോഗം സർക്കാർ വിളിച്ചു ചേർക്കണമെന്ന് ഗൾഫ് മലയാളി റിട്ടേണീസ് അസോസിയേഷൻ (ജി.എം.ആർ.എ) സംസ്ഥാന നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. 2013ന് ശേഷം സർക്കാർ യോഗം വിളിച്ചിട്ടില്ല. ഇതുകാരണം പ്രവാസികൾക്ക് സർക്കാർ നൽകുന്ന ധനസഹായത്തെക്കുറിച്ച് പ്രചാരണം നടത്താൽ സംഘടനകൾക്ക് കഴിയുന്നില്ല. പ്രവാസികളുടെ പെൻഷൻ വർദ്ധിപ്പിക്കുമെന്ന് വാഗ്ദാനം നൽകിയെങ്കിലും ഒരു രൂപ പോലും വർദ്ധിപ്പിച്ചിട്ടില്ല. കൊവിഡ് സമയത്ത് 11 ലക്ഷം പ്രവാസികൾ കേരളത്തിലെത്തി. 938 പേർക്ക് മാത്രമാണ് സർക്കാരിന്റെ പുനരധിവാസ പദ്ധതിയിൽ സഹായം ലഭിച്ചതെന്നും ഗൾഫ് മലയാളി റിട്ടേണീസ് അസോസിയേഷൻ നേതാക്കൾ പറഞ്ഞു. കഴിഞ്ഞ ബഡ്ജറ്റിൽ പ്രഖ്യാപിച്ച പ്രവാസി പെൻഷൻ വർദ്ധനവ് ഉടൻ നടപ്പാക്കണമെന്നും പ്രവാസികളുടെ സെൻസസെടുക്കണമെന്നും സംസ്ഥാന പ്രസിഡന്റ് കെ.ഇ. അഹമ്മദ്, ജനറൽ സെക്രട്ടറി ഓച്ചിറ ശങ്കരപ്പിള്ള, തമ്പി വള്ളിക്കാവ്, ബേബി എം. തോമസ്, എൻ. സുതൻ എന്നിവർ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.