കൊല്ലം: ഡിസൈനെ ചൊല്ലി കരാർ കമ്പനിയും നിർവഹണ ഏജൻസിയായ കേരള റോഡ് ഫണ്ട് ബോർഡും തമ്മിലുള്ള തർക്കം തുടരുന്നതിനാൽ പെരുമൺ- പേഴുംതുരുത്ത് പാലം നിർമ്മാണം ഇഴയുന്നു. പാലത്തിന്റെ നടുവിൽ 70 മീറ്റർ നീളത്തിലുള്ള സ്പാനിന്റെ നിർമ്മാണരീതിയെ ചൊല്ലിയാണ് തർക്കം.
അഷ്ടമുടിക്കായൽ വഴിയുള്ള ഗതാഗതത്തിന് തടസം വരാതിരിക്കാനാണ് പാലത്തിന്റെ ഒത്തനടുക്കുള്ള സ്പാനിന് 70 മീറ്റർ വീതി നൽകിയത്. ഈ സ്പാനിന്റെ തുടക്കത്തിലും അവസാനവും മാത്രമാണ് തൂണുകൾ ഉള്ളത്. അതുകൊണ്ട് തന്നെ താൽകാലിക പൈലുകൾ സ്ഥാപിച്ച് സ്പാൻ നിർമ്മിക്കുന്ന തരത്തിലാണ് കെ.ആർ.എഫ്.ബിയുടെ രൂപരേഖ. സ്പാനിന്റെ നിർമ്മാണം പൂർത്തിയായ ശേഷം താത്കാലിക പൈലുകൾ പൊളിച്ചുനീക്കും. എന്നാൽ ഇത് കോടികൾ പാഴാക്കുന്ന രീതിയാണെന്നാണ് കരാർ ഏജൻസിയുടെ വാദം. പകരം കൊച്ചി മെട്രോയുടെ നിർമ്മാണത്തിൽ സ്വീകരിച്ചതു പോലെ, 70 മീറ്റർ നീളമുള്ള സ്പാനിന്റെ നിർമ്മാണം ഘട്ടംഘട്ടമായി പൂർത്തിയാക്കുന്ന തരത്തിലുള്ള പുതിയ രൂപരേഖ കമ്പനി സമർപ്പിച്ചു. ഈ രൂപരേഖ സമർപ്പിച്ച് മാസങ്ങളായിട്ടും തള്ളാനോ കൊള്ളാനോ കെ.ആർ.എഫ്.ബി തയ്യാറായിട്ടില്ല.
ആദ്യം അതിവേഗം
ആദ്യഘട്ടത്തിൽ അതിവേഗമാണ് പാലത്തിന്റെ നിർമ്മാണം നടന്നത്. 80 പൈലുകളും 6 പൈൽ ക്യാപ്പുകളും 4 പിയർ ക്യാപ്പുകളും ഇതുവരെ പൂർത്തിയായി. പക്ഷെ ഡിസൈനിന്റെ കാര്യത്തിൽ തർക്കം നിലനിൽക്കുന്നതിനാൽ സമാന്തരമായി മുന്നോട്ടുകൊണ്ടുപോകാവുന്ന സ്ലാബുകളും ബീമുകളും അടക്കമുള്ള മുകൾഭാഗത്തെ നിർമ്മാണ പ്രവൃത്തികൾ കരാർ കമ്പനി താത്കാലികമായി നിറുത്തിവച്ചിരിക്കുകയാണ്. തർക്കം നീണ്ടാൽ പാലം പൂർത്തീകരണവും നീളും.
ബില്ല് നൽകി, കാശില്ല
ഇതുവരെ പാലത്തിന്റെ മൂന്നിലൊന്ന് നിർമ്മാണം പൂർത്തിയായി 15 കോടിയുടെ മൂന്ന് ബില്ലുകൾ നൽകി. കിഫ്ബിയിൽ നിന്നാണ് ഫണ്ട്. എന്നാൽ ഒരു രൂപ പോലും കരാറുകാരന് ഇതുവരെ നൽകിയിട്ടില്ല. പണം നൽകാത്തതും നിർമ്മാണം വൈകിപ്പിക്കുന്നതിന്റെ കാരണമാണെന്ന് സൂചനയുണ്ട്.
......................................
₹ 42.52 കോടി: പാലത്തിന്റെ കരാർ തുക
₹ 15 കോടി: കരാർ കമ്പനി സമർപ്പിച്ച ബില്ല്