v
മുട്ടറ ഹരിജൻ വായനശാല സ്വന്തം കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചതിന്റെ ഉദ്ഘാടനം പ്രദേശത്തെ മുതിർന്ന കർഷകരായ വാസു, കുമാരൻ എന്നിവർ ചേർന്ന് നിർവഹിക്കുന്നു

ഓടനാവട്ടം: കെട്ടിടമില്ലാതെ വർഷങ്ങളായി പ്രവർത്തനരഹിതമായി കിടന്നിരുന്ന മുട്ടറ ഹരിജൻ വായനശാല സ്വന്തം കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. 1957ൽ വാടക കെട്ടിടത്തിൽ ആരംഭിച്ചതാണ് വായനശാല. മുൻ എം.എൽ.എ പി. അയിഷാപോറ്റിയുടെ 2017-18 വർഷത്തെ വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 18 ലക്ഷം രൂപയും പ്രദേശവാസികളുടെ സംഭാവനകളും ഉപയോഗപ്പെടുത്തിയാണ് കെട്ടിടനിർമ്മാണം പൂർത്തിയാക്കിയത്. വായനശാലാ ചെയർപേഴ്സൺ വിജയകുമാരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പ്രദേശത്തെ മുതിർന്ന കർഷകരായ വാസു, കുമാരൻ എന്നിവർ ചേർന്ന് കെട്ടിട സമർപ്പണത്തിന്റെ ഉദ്‌ഘാടനം നിർവഹിച്ചു. സെക്രട്ടറി എൻ. രാജേന്ദ്രൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ഡോ. മുഞ്ഞിനാട് പദ്മകുമാർ മുഖ്യപ്രഭാഷണം നടത്തി. വായനശാലയ്ക്ക് സൗജന്യമായി സ്ഥലം നൽകിയ മുട്ടറ ആലുവിളവീട്ടിൽ രാധമ്മയെ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ്‌ ബീനാസജീവ് ആദരിച്ചു. വിവിധ തലങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പഞ്ചായത്ത്‌ അംഗങ്ങളായ കെ. സുന്ദരൻ, ബി. എസ്. മീനാക്ഷി എന്നിവർ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. എൽ. മത്തായികുട്ടി, മുട്ടറ ഉദയഭാനു, പി. കൊച്ചു ഗോവിന്ദപിള്ള എന്നിവർ സംസാരിച്ചു.