photo
'ട്രാൻസ് ജെൻഡറുകൾ ജീവിതം വെല്ലുവിളി പരിഹാരം' എന്ന വിഷയത്തിൽ കൊട്ടാരക്കരയിൽ നടത്തിയ ചർച്ചയിൽ വനിതാ കമ്മിഷനംഗം എം.എസ്. താര സംസാരിക്കുന്നു

കൊട്ടാരക്കര: മനുഷ്യനായി ജീവിക്കാനുള്ള എല്ലാ അവകാശങ്ങളും നിയമം മൂലം അനുവദിക്കപ്പെട്ടിട്ടും ട്രാൻസ് ജെൻഡറുകളെ അവജ്ഞയോടെ കാണുന്ന രീതിക്ക് മാറ്റമുണ്ടാകുന്നില്ലെന്ന് വിമർശനം. 'ട്രാൻസ് ജെൻഡറുകൾ ജീവിതം, വെല്ലുവിളി, പരിഹാരം' എന്ന വിഷയത്തിൽ കൊട്ടാരക്കരയിൽ നടത്തിയ ചർച്ചയിലാണ് ഏകാഭിപ്രായം ഉയർന്നത്. തലച്ചിറ പി.കെ.വി ഗ്രന്ഥശാല, സദാനന്ദപുരം ഇഞ്ചയ്ക്കൽ അച്യുതമേനോൻ സാംസ്‌കാരികവേദി ഗ്രന്ഥശാല, കരിക്കം ജനകീയ വായനശാല എന്നിവ ചേർന്നാണ് വർത്തമാനം എന്ന പേരിൽ ചർച്ച സംഘടിപ്പിച്ചത്. ജീവിക്കാനുള്ള അവകാശം ആരുടെയും ഔദാര്യമല്ലെന്നും ട്രാൻസ് ജെൻഡറുകൾക്കും അന്തസോടെ ജീവിക്കാനുള്ള സൗകര്യവും സാഹചര്യവും ഒരുക്കേണ്ടത് സമൂഹത്തിന്റെ ബാദ്ധ്യതയാണെന്നും ചർച്ചയ്ക്ക് തുടക്കമിട്ട വനിതാ കമ്മിഷനംഗം എം.എസ്. താര പറഞ്ഞു. കുടുംബവുമായി ബന്ധപ്പെട്ടു കിടക്കുന്ന സാമൂഹിക ബോധത്തിൽ മാറ്റം വരുത്താൻ ദീർഘ വീക്ഷണത്തോടെയുള്ള ബോധവത്കരണം ആവശ്യമാണെന്നും താര വ്യക്തമാക്കി. ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എ. ഷാജി വിഷയം അവതരിപ്പിച്ചു. എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗവും ട്രാൻസ് ജെൻഡറുമായ നാദിറ മെഹ്‌റിൻ, ജില്ലാ സാക്ഷരതാമിഷൻ കോ-ഓർഡിനേറ്റർ പ്രദീപ്, പി. അഭിലാഷ്, സതീഷ് ചന്ദ്രൻ, ട്രാൻസ് ജെൻഡർ കൂട്ടായ്മ ജില്ലാ സമിതിയംഗം സ്‌നേഹ, ജനകീയ വായനശാലാ പ്രസിഡന്റ് ബിനു മാത്യു, ടി.എസ്. ജയചന്ദ്രൻ, രാഹുൽ രാജീവ്, നിജു സേതുനാഥ് എന്നിവർ സംസാരിച്ചു.