കൊല്ലം: ഭർത്താവും ഭർത്തൃവീട്ടുകാരും ചേർന്ന് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതി നൽകി ഒന്നര മാസം പിന്നിട്ടിട്ടും പരവൂർ പൊലീസ് നടപടി എടുക്കാത്തതിന്റെ മനോവിഷമത്തിൽ യുവതി പൊലീസ് സ്റ്റേഷനു മുന്നിൽ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. കുറുമണ്ടൽ ബി ചരുവിള വീട്ടിൽ ഷംനയാണ് (22) ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രക്തം വാർന്ന ഷംനയെ ആദ്യം നെടുങ്ങോലം താലൂക്ക് ആശുപത്രിയിലും പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

ഇന്നലെ രാവിലെയായിരുന്നു സംഭവം. കോട്ടപ്പുറം സ്വദേശിയായ ഭർത്താവ് അനൂപും വീട്ടുകാരും ചേർന്ന് കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കുകയായിരുന്നുവെന്ന് ഷംന പറയുന്നു. ഈ സംഭവത്തിൽ കുടുംബ കോടതിയിൽ കേസ് നടക്കുകയാണ്. ഇതിനിടെ വീണ്ടും ഒരുമിക്കാനായി ഷംന അനൂപിന്റെ വീട്ടിലേക്ക് പോയി. ഈ സമയം അനൂപ് തന്നെ മർദിച്ചു. അക്രമത്തിൽ നിന്നു രക്ഷപ്പെടാനായി അനുപിന്റെ ബന്ധുവായ അയൽവാസിയുടെ വീട്ടിലേക്ക് ഓടിക്കയറി. അപ്പോൾ അനൂപും ബന്ധുക്കളും ചേർന്ന് മണ്ണെണ്ണ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ ഇവർക്കെതിരെ കേസെടുക്കാതെ എതിർകക്ഷികൾ നൽകിയ പരാതിയിൽ തനിക്കെതിരെ കേസെടുത്തെന്നും ഷംന പറഞ്ഞു.

ഷംനയുടെ പരാതിയിൽ പറയുന്ന സംഭവങ്ങൾക്ക് അന്വേഷണത്തിൽ തെളിവുകൾ ലഭ്യമാകാത്തതിനാലാണ് പ്രതികളായി ആരോപിക്കപ്പെട്ടവരെ അറസ്റ്റ് ചെയ്യാത്തതെന്നും കൂടുതൽ തെളിവുകൾ കിട്ടുന്ന മുറയ്ക്ക് കസ്റ്റഡിയിൽ എടുക്കുമെന്നും പരവൂർ പൊലീസ് പറഞ്ഞു.