കൊല്ലം: തൃക്കോവിൽവട്ടം പഞ്ചായത്ത് പ്രസിഡന്റ് ജലജകുമാരിയെ കൊട്ടിയം എസ്.എച്ച്.ഒ കൈയേറ്റം ചെയ്തെന്ന പരാതി അന്വേഷിക്കാൻ ചാത്തന്നൂർ എ.സി.പിയെ കമ്മിഷണർ ചുമതലപ്പെടുത്തി. എസ്.എച്ച്.ഒയ്ക്കെതിരെ ജലജകുമാരി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതീഷ് കുമാർ എന്നിവരടങ്ങുന്ന സംഘം ഇന്നലെ കമ്മിഷണർക്ക് നേരിട്ട് പരാതി നൽകി.
ചൊവ്വാഴ്ച വൈകിട്ട് തഴുത്തലയിലായിരുന്നു പരാതിക്ക് അടിസ്ഥാനമായ സംഭവം. റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട തർക്കത്തിനിടെ എസ്.എച്ച്.ഒ പൊതുജനങ്ങൾക്ക് മുന്നിൽ വച്ച് തന്നോട് മോശമായി സംസാരിച്ചെന്നും പിന്നീട് കൈയേറ്റം ചെയ്തെന്നുമാണ് പ്രസിഡന്റിന്റെ പരാതി. പഞ്ചായത്ത് മാസങ്ങൾക്ക് മുൻപ് നൽകിയ പരാതി പരിഗണിക്കാതെ സ്വകാര്യ വ്യക്തിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചെന്നും എറുണാകുളത്തെ ഒരു ഡിവൈഎസ്.പിയുടെ നിർദ്ദേശ പ്രകാരമാണ് താൻ ഇടപെടുന്നതെന്ന് എസ്.എച്ച്.ഒ വെളിപ്പെടുത്തിയതായും പഞ്ചായത്ത് അധികൃതർ പറഞ്ഞു. സംഭവത്തിന് ശേഷം രാത്രി എഴരയോടെ പഞ്ചായത്ത് സെക്രട്ടറിയെ വിളിച്ച് എസ്.ഐ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.
സംഭവങ്ങളെ തുടർന്ന് ചൊവ്വാഴ്ച രാത്രി തൃക്കോവിൽവട്ടം പഞ്ചായത്ത് അംഗങ്ങൾ എസ്.എച്ച്.ഒക്കെതിരെ നടപടി ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. അഡിഷണൽ എസ്.പിയെത്തി സംഭവം അന്വേഷിക്കുമെന്ന് ഉറപ്പ് നൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്.