കൊല്ലം: റൂറൽ ജില്ലാ പൊലീസിന്റെ സബ്സിഡിയറി സെൻട്രൽ കാന്റീൻ കൊട്ടാരക്കരയിൽ സജ്ജമായി. തൃക്കണ്ണമംഗൽ ഗാന്ധിമുക്കിൽ റൂറൽ എസ്.പി ഓഫീസിന് കെട്ടിടമൊരുങ്ങുന്നതിനോട് ചേർന്നാണ് കാന്റീനും പ്രവർത്തിക്കുക. നേരത്തേ താലൂക്ക് ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടങ്ങളിൽ ഒന്നാണ് കാന്റീനിനായി അനുവദിച്ചത്. പഴയ കെട്ടിടം അറ്റകുറ്റപ്പണി നടത്തിയാണ് ഇപ്പോൾ ഉദ്ഘാടനത്തിനൊരുങ്ങുന്നത്. ജില്ലയിലെ പൊലീസ് സംവിധാനം വിഭജിച്ച് കൊട്ടാരക്കരയിൽ എസ്.പി ഓഫീസ് പ്രവർത്തനം ആരംഭിച്ചിട്ട് വർഷങ്ങൾ ഏറെ പിന്നിട്ടെങ്കിലും ഇപ്പോഴാണ് കാന്റീൻ അനുവദിച്ചത്. പൊലീസ് ഉദ്യോഗസ്ഥർ, കുടുംബാംഗങ്ങൾ, എക്സൈസ്, ഫയർഫോഴ്സ്, ജയിൽ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, വിരമിച്ച സൈനികർ തുടങ്ങിയവർക്ക് ഇവിടെ നിന്ന് സാധനങ്ങൾ വാങ്ങാം. എ.ടി.എം മാതൃകയിലുള്ള കാർഡ് സേനാംഗങ്ങൾക്ക് നൽകും. ഇത് ഉപയോഗിച്ചാണ് ഇവിടെ നിന്ന് സാധനങ്ങൾ വാങ്ങേണ്ടത്. ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം കൊട്ടാരക്കരയിൽ പൊലീസ് കാന്റീൻ എത്തുന്നതിന്റെ സന്തോഷത്തിലാണ് സേനാംഗങ്ങൾ.
വിലക്കുറവിൽ ഗുണമേന്മയുള്ള സാധനങ്ങൾ
പൊതുവിപണിയിലുള്ളതിൽ നിന്ന് വലിയ വിലക്കുറവിലാണ് കാന്റീനിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ കഴിയുക. അടുക്കള ഉത്പന്നങ്ങൾ, വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ എന്നിവയുൾപ്പടെ മിക്ക സാധനങ്ങളും ഇവിടെ ലഭ്യമാകും. സൈനികർക്കായുള്ള കാന്റീനിൽ ലഭിക്കുന്ന മദ്യം ഒഴികെയുള്ള എല്ലാ ഇനങ്ങളും ലഭിക്കും. തിരുവനന്തപുരത്തെ സി.ആർ.പി.എഫ് ക്യാമ്പിൽ നിന്നാണ് സാധനങ്ങൾ കൊണ്ടുവരുന്നത്. രണ്ട് ദിവസത്തിനുള്ളിൽ സാധനങ്ങൾ ഇവിടെയെത്തും.
മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും
29ന് വൈകിട്ട് 3ന് മന്ത്രി കെ.എൻ. ബാലഗോപാൽ സബ്സിഡിയറി സെൻട്രൽ പൊലീസ് കാന്റീൻ നാടിന് സമർപ്പിക്കും. റൂറൽ എസ്.പി കെ.ബി. രവിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കൊടിക്കുന്നിൽ സുരേഷ് എം.പി, ഐ.ജി ഹർഷിത അട്ടല്ലൂരി, ഡിഐ.ജി സഞ്ജയ് കുമാർ ഗരുഡിൻ, സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണൻ, നഗരസഭ ചെയർമാൻ എ. ഷാജു, പി. ഐഷാപോറ്റി, നഗരസഭ വൈസ് ചെയർപേഴ്സൺ അനിത ഗോപകുമാർ, അഡിഷണൽ എസ്.പി എസ്. മധുസൂതനൻ, ഡിവൈ.എസ്.പിമാരായ അശോകൻ, അനിൽദാസ്, ആർ. സുരേഷ്, അനിൽകുമാർ, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ജി.എസ്. രാധാകൃഷ്ണൻ, എം. വിനോദ്, എം. രാജേഷ്, കെ.ബി. വിനോദ് ലാൽ, കെ.എസ്. വിജയകുമാർ എന്നിവർ സംസാരിക്കും.