ശാസ്താംകോട്ട: ജില്ലയിലെ തിരക്കേറിയ റെയിൽവേ സ്റ്റേഷനുകളിലൊന്നായ ശാസ്താംകോട്ടയിൽ ടോയ്‌ലറ്റ് കോംപ്ലക്സ് നിർമ്മിക്കണമെന്ന യാത്രക്കാരുടെ ആവശ്യം ശക്തമാകുന്നു. ആയിരക്കണക്കിന് പേർ ദിനംപ്രതി യാത്രചെയ്യുന്ന ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിലാണ് പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ പോലും സൗകര്യമില്ലാതെ ജനങ്ങൾ വലയുന്നത്. ഒരു കിലോമീറ്ററിലധികം നീളമുളള പ്ലാറ്റ്ഫോമിന്റെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന റെയിൽവേ സ്റ്റേഷൻ കെട്ടിടത്തിലെ രണ്ട് ടോയ്ലറ്റുകൾ മാത്രമാണ് യാത്രക്കാരുടെ ആശ്രയം. ഇത്രയും ദൂരം നടക്കാനുള്ള ബുദ്ധിമുട്ട് കരുതി ആവശ്യക്കാർ പ്ലാറ്റ്ഫോമിലെ കുറ്റിക്കാടിന്റെ മറവിൽ കാര്യം സാധിക്കാറാണ് പതിവ്.
സ്റ്റേഷൻ കെട്ടിടത്തിൽ ആകെയുള്ള ടോയ്‌ലറ്റാകട്ടെ അധികൃതർ പൂട്ടിയിട്ടിരിക്കുകയാണ്. ഇതോടെ സ്റ്റേഷനിലെത്തുന്ന യാത്രക്കാർ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനായി സ്റ്റേഷൻ മാസ്റ്ററുടെ മുമ്പിൽ താക്കോലിന് കാത്ത് നിക്കേണ്ട സ്ഥിതിയാണ്. രാത്രി സമയത്ത് ട്രെയിനിന് സ്റ്റോപ്പുള്ളതിനാൽ സ്റ്റേഷന്റെ പ്രവർത്തനം ദിവസംമുഴുവൻ സജീവമാണ്. യാത്രക്കാരുടെ എണ്ണം വർദ്ധിച്ചതിനാൽ ടോയ്‌ലറ്റിന്റെ ഉപയോഗവും കൂടി. ഇപ്പോഴുള്ള ടോയ്‌ലറ്റ് സൗകര്യം പര്യാപ്തമാവാത്ത അവസ്ഥയിലാണ് ഉള്ള ടോയ്‌ലറ്റ് കൂടി അധികൃതർ പൂട്ടിയത്.
പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി യാത്രക്കാർ
പണം കൊടുത്ത് ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള ടോയ്‌ലറ്റ് കോംപ്ലക്സ് നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ നാട്ടുകാരും പാസഞ്ചേഴ്സ് അസോസിയേഷനും റെയിൽവേ അധികൃതരെ സമീപിച്ചിട്ടും തുടർ നടപടികൾ കൈക്കൊണ്ടിട്ടില്ല. ശാസ്താംകോട്ട റെയിൽവേ സ്റ്റേഷന്റെ വികസനം ഇലക്ഷൻ സമയത്ത് മാത്രം ചർച്ച ചെയ്യുന്ന പതിവ് ശൈലി മാറ്റണമെന്നാണ് യാത്രക്കാർ പറയുന്നത്. റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്ഫോമിന്റെ മേൽക്കൂര നിർമ്മാണം ഉൾപ്പെടയുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ബന്ധപ്പെട്ട ജനപ്രതിനിധികളുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാകാത്തതിനാൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങുകയാണ് യാത്രക്കാർ.