
20 ടാങ്കറുകൾ ഒഴിവാക്കാം
കൊല്ലം: കെ.എം.എം.എല്ലിന്റെ പ്രവർത്തനങ്ങൾക്കാവശ്യമായ ഹൈഡ്രോ ക്ലോറിക് ആസിഡ് ദേശീയപാത ഒഴിവാക്കി ഇനി ദേശീയ ജലപാതയിലൂടെ കൊച്ചിയിൽ നിന്നു കൊണ്ടുവരും. അടുത്തിടെ ട്രയൽ നടത്തിയിരുന്നു. ആദ്യ ട്രിപ്പ് വിജയകരമായാൽ ജലപാത വഴി കൂടുതൽ ചരക്ക് നീക്കത്തിനുള്ള സാദ്ധ്യത തെളിയും.
ട്രാവൻകൂർ ആൻഡ് കൊച്ചിൻ കെമിക്കൽസിൽ നിന്നു പ്രതിദിനം 100 ടൺ ഹൈഡ്രോ ക്ലോറിക് ആസിഡ് നിലവിൽ ടാങ്കർ ലോറികളിൽ കെ.എം.എം.എല്ലിലേക്ക് കൊണ്ടുവരുന്നുണ്ട്. ഇതിനായി 8- 10 ലോറികൾ കൊച്ചിയിൽ നിന്നു ചവറയിലേക്കും തിരിച്ചും സഞ്ചരിക്കുന്നു. ചരക്ക് നീക്കം ബാർജ് വഴി ആകുന്നതോടെ ഇത്രയും ലോറികൾ ഈ റൂട്ടിൽ നിന്ന് ഒഴിവാകും. പകരം ഒരു ബാർജിൽ 200 ടൺ ആസിഡ് ഒരു ട്രിപ്പിൽ എത്തിക്കാം. രണ്ടു ദിവസത്തിലൊരിക്കൽ കൊണ്ടുവന്നാൽ മതിയാവും. ബാർജ് അടുപ്പിക്കാനുള്ള ലാൻഡിംഗ് സെന്ററും ബാർജിൽ എത്തിക്കുന്ന ആസിഡ് പമ്പ് ചെയ്ത് കമ്പനിയുടെ പ്ലാന്റിൽ എത്തിക്കാനുള്ള പമ്പ്, പൈപ്പ് ലൈൻ എന്നിവയും സ്ഥാപിച്ചു കഴിഞ്ഞു. കരിമണലിൽ നിന്നു വേർതിരിച്ചെടുക്കുന്ന ഇൽമനൈറ്റ് സംസ്കരിക്കുന്നതിനാണ് ഹൈഡ്രോ ക്ലോറിക് ആസിഡ് ഉപയോഗിക്കുന്നത്.
ടാങ്കർ ലോറികൾ നിരത്തിൽ നിന്നു ഒഴിവാകുന്നതോടെ ഇവ സൃഷ്ടിച്ചിരുന്ന അന്തരീക്ഷ മലിനീകരണവും അപകടഭീഷണിയും മാറിനിൽക്കും. ഗതാഗത ചെലവിനത്തിലും കെ.എം.എം.എല്ലിന് വലിയ സാമ്പത്തിക നേട്ടമുണ്ട്. കേരള ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള ബാർജാണ് സർവ്വീസിന് ഉപയോഗിക്കുന്നത്. ഇത് അടുത്തിടെ അറ്റുകുറ്റപ്പണിക്ക് കയറ്റിയതിനാലാണ് സർവ്വീസ് ഫെബ്രുവരി വരെ നീളുന്നത്. കൊച്ചിയിലെ ഭാരത് പെട്രോളിയം പ്ലാന്റിൽ നിന്നു പ്രതിദിനം 200 ടൺ ഫർണസ് ഓയിലും ലോറി മാർഗ്ഗം കെ.എം.എം.എല്ലിലേക്ക് എത്തുന്നുണ്ട്. അതും ജലപാത വഴി ആക്കാനുള്ള ആലോചനയിലാണ്.
......................................
ജലപാതയിലൂടെ ആസിഡ്
എത്തുമ്പോൾ പ്രതിദിന ലാഭം : ₹10,000
.....................................
ഹൈഡ്രോക്ലോറിക് ആസിഡ് ബാർജ് വഴി കൊണ്ടുവരാൻ ടി.സി.സി.എല്ലുമായി ധാരണാപത്രം ഒപ്പിട്ടുകഴിഞ്ഞു. ഫെബ്രുവരിയിൽ സർവ്വീസ് ആരംഭിക്കും
ചന്ദ്രബോസ്,
മാനേജിംഗ് ഡയറക്ടർ, കെ.എം.എം.എൽ