photo
പുനലൂർ ശ്രീരാമപുരം മാർക്കറ്റിൽ നിർമ്മാണം പൂർത്തീകരിക്കാൻ കഴിയാത്ത രണ്ട് നില കെട്ടിടം

പുനലൂർ: നഗരസഭയുടെ നിയന്ത്രണത്തിലുള്ള പുനലൂർ ശ്രീരാമപുരം മാർക്കറ്റിന്റെ നവീകരണം അനന്തമായി നീളുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാവുന്നു. ഉടൻ മാർക്കറ്റ് നവീകരിക്കുമെന്നുള്ള അധികൃതരുടെ സ്ഥിരംപല്ലവി നാട്ടുകാർ കേൾക്കാൻ തുടങ്ങിയിട്ട് കാൽനൂറ്റാണ്ട് പിന്നിടുന്നു. സ്ഥലസൗകര്യങ്ങളുടെ അഭാവത്തിൽ വീർപ്പുമുട്ടുന്ന മാർക്കറ്റിൽ ജനങ്ങളും വ്യാപാരികളും വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. മാർക്കറ്റ് നവീകരിക്കുന്നതിനൊപ്പം മത്സ്യ മാർക്കറ്റും ആധുനിക സ്ലോട്ടർ ഹൗസും പണിയുമെന്നായിരുന്നു അധികൃതരുടെ പ്രഖ്യാപനം. കഴിഞ്ഞ 15 വർഷമായി നഗരസഭയുടെ ബഡ്ജറ്റിൽ കോടികൾ വകയിരുത്തുമെങ്കിലും നിർമ്മാണം ഇപ്പോഴും അനന്തമായി നീളുകയാണ്. നിന്ന് തിരിയാൻ ഇടമില്ലാത്ത മാർക്കറ്റിൽ ജനങ്ങളും വ്യാപാരകളും അനുഭവിക്കുന്ന ദുരിതങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ബന്ധപ്പെട്ടവർ താത്പര്യം കാട്ടുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.

എല്ലാ ദിവസവും തിരക്ക്

തിങ്കൾ, വ്യാഴം ദിവസങ്ങളിലാണ് പ്രധാനമായും ചന്ത പ്രവർത്തിക്കുന്നതെങ്കിലും എല്ലാ ദിവസും വ്യാപാരം നടക്കുന്ന പ്രപധാന മാർക്കറ്റുകളിലൊന്നാണിത്. വെറ്റില, നാളികേരം, അടയ്ക്ക ഉൾപ്പെടെയുള്ള സാധനങ്ങൾ വിൽക്കാനും വാങ്ങാനും അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള വ്യാപാരികളാണ് ചന്ത ദിവസങ്ങളിൽ പുനലൂരിലെത്തുന്നത്. ഇതിന്റെ വിപണനം പുലർച്ചെ അവസാനിക്കുമെങ്കിലും മറ്റ് കച്ചവടങ്ങൾ പിന്നീടാണ് നടക്കുന്നത്. ചന്തയില്ലാത്ത ദിവസങ്ങളിലും നൂറ് കണക്കിന് ജനങ്ങൾ കാർഷിക വിളകൾ വിൽക്കാനും വാങ്ങാനും മാർക്കാറ്റിലെത്താറുണ്ട്.

വിണ്ടുകീറിയ കെട്ടിടങ്ങൾ, താത്കാലിക ഷെഡുകൾ

മാർക്കറ്റിലെ കോൺക്രീറ്റ് റോഡുകൾ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. ഇതിന് പുറമേ വിണ്ടുകീറിയ കെട്ടിടങ്ങളിലും താത്കാലിക ഷെഡുകളിലുമാണ് വ്യാപാരികൾ കച്ചവടം നടത്തി വരുന്നത്. മാർക്കറ്റിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന പഴഞ്ചൻ ഷോപ്പിംഗ് കോംപ്ലക്സ് ചായം പൂശി നവികരിച്ചിട്ട് കാൽ നൂറ്റാണ്ട് പിന്നിടുകയാണ്. വിവിധ വ്യാപാരങ്ങൾ നടത്താൻ പണികഴിപ്പിച്ച കെട്ടിടം ഫില്ലറിലും മേൽക്കൂരയുടെ കോൺക്രീറ്റിലും മാത്രം ഒതുങ്ങുകയായിരുന്നു.

നഗരസഭയ്ക്ക് നഷ്ടം ലക്ഷങ്ങൾ

ജില്ലയിലെ പ്രധാന മാർക്കറ്റുകളിൽ ഒന്നാണ് വികസനത്തിന്റെ അഭാവത്തിൽ നാശത്തിലേക്ക് നീങ്ങുന്നത്. ഇതുകാരണം വരുമാനമായി ലഭിക്കേണ്ട ലക്ഷങ്ങളാണ് ഓരോ വർഷവും നഗരസഭയ്ക്ക് നഷ്ടപ്പെടുന്നത്. സമീപപ്രദേശങ്ങളിലെ പത്തനാപുരം, അഞ്ചൽ, കരവാളൂർ മാർക്കറ്റുകളിൽ എല്ലാ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ടെങ്കിലും പുനലൂരിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ശ്രീരാമപുരം മാർക്കറ്റിനോട് അധികൃതർ കടുത്ത അവഗണനയാണ് കാട്ടുന്നതെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം.